ദില്ലി: ടിക്ടോക്കിന്റെ ഉടമകളായ ബൈറ്റ് ഡാന്‍സിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയതു. സിറ്റിബാങ്കിലും എച്ച്‌എസ് ബിസി ബാങ്കിലും ഉളള അക്കൗണ്ടുകളാണ് 2021 മാര്‍ച്ച് മധ്യത്തോടെ ബ്ലോക്ക് ചെയ്‌തത്. നികുതി വെട്ടിപ്പ് ആരോപിച്ചാണ് നടപടി. ബൈറ്റ് ഡാന്‍സ് ഇതിനെതിരെ കോടതിയെ സമീപിച്ചു. വെറും പത്ത് ദശലക്ഷം ഡോളര്‍ മാത്രമാണ് തങ്ങളുടെ അക്കൗണ്ടില്‍ ഉളളതെന്നിരിക്കെ ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നത് നിയമ ലംഘനമാണെന്നും സാലറിയും ടാക്‌സും നല്‍കാന്‍ കഴിയാത്ത നിലയിലാണ് കമ്പനിയെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബൈറ്റ്‌ഡാന്‍സിന് പണം പിന്‍വലിക്കാന്‍ അനുവദിക്കരുതെന്ന കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായിട്ടാണ് വിവരം. ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന് കമ്പനി തങ്ങളുടെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. എങ്കിലും അവര്‍ക്ക് ഇന്ത്യയില്‍ ഇപ്പോഴും 1300 ജീവനക്കാരുണ്ട്. ബൈറ്റ്‌ഡാന്‍സ് ഇന്ത്യക്കും, സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിക് ടോക് പ്രൈവറ്റ് ലിമിറ്റഡിനും എതിരെയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.



