കൊല്ലം: ആഴക്കടല്‍ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട 4000കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ച ഇഎംസിസി മാനേജിങ് ഡയറക്ടറുടെ കൈവശം 10000 രൂപ മാത്രമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലം. കുണ്ടറയില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മക്കെതിരെ സ്ഥാനാര്‍ത്ഥികൂടിയായ ഷിജുഎം വര്‍ഗീസിന്റെ സത്യവാങ്മൂലത്തിലാണ് ഈ വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ തനിക്ക് വസ്തുവകകളില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ വിദേശത്തുളള സ്വത്തുക്കളെക്കറിച്ച് സത്യവാങ്മൂലത്തില്‍ പറയുന്നില്ല.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ വിദേശത്തും സ്വദേശത്തും ഉളള സ്വത്തുവിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നാണ് ചട്ടം. സത്യവാങ്മൂലത്തില്‍ കളവില്ലെന്നും തനിക്ക് 10000 രൂപയുടെ ആസ്തിയേ ഉളളുവെന്നും ഷിജു പറഞ്ഞു. ഇഎംസിസിയില്‍ പതിമൂന്നോളം കമ്പനികളുണ്ട്. അതില്‍ ചിലതില്‍ തനിക്ക് 100 ശതമാനം ഓഹരിയുണ്ട്. മറ്റുചിലതില്‍ പങ്കാളിത്തമാണുളളത്. അതില്‍ കൂടുതല്‍ വെളിപ്പെടുത്താനാവില്ലെന്നും സംശയം ഉളളവര്‍ക്ക് അന്വേഷിച്ച് കണ്ടെത്താമെന്നും അദ്ദേഹം പറഞ്ഞു.
ആഴക്കടല്‍ ധാരണാ പത്രം ഉപേക്ഷിച്ചതോടെ അടിസ്ഥാന കാര്യങ്ങള്‍ക്കായി തനിക്ക് ചെലവായ പണം നഷ്ടപ്പെട്ടു. മന്ത്രി മേഴ്‌സിക്കുട്ടയമ്മ ഇഎംസിസി പദ്ധതി അട്ടിമറിച്ചതിനാലാണ് കുണ്ടറയില്‍ അവര്‍ക്കെതിരെ ഡെമോക്രാറ്റിക്ക് സോഷ്യല്‍ ജസ്റ്റീസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായത്. തന്റെ അനുഭവം കേരളത്തില്‍ നിക്ഷേപത്തിന് വരുന്ന ഒരു പ്രവാസിക്കും ഉണ്ടാവരുതെന്നും, രാജ്യത്തെ മറ്റ് തീരദേശ സംസ്ഥാനങ്ങളില്‍ പദ്ധതിയുമായി ഇംഎംസിസി മുന്നോട്ടുപോകുമെന്നും ഷിജു വ്യക്തമാക്കി.




