റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൈസൂര്‍ മേഖലയില്‍ മലയാളി വാഹനങ്ങള്‍ കവര്‍ച്ച ചെയ്യുന്ന സംഘം വീണ്ടും സജീവമാകുന്നു

March 22, 2021 - 9:41 am

ബംഗളൂരു; മൈസൂരു മേഖലയില്‍ മലയാളികളുടെ വാഹനങ്ങള്‍ ലക്ഷ്യമിട്ടുളള കവര്‍ച്ച വീണ്ടും . മൈസൂരു-ഹുന്‍സൂരു റോഡില്‍ മലയാളിയായ ജ്വല്ലറി ഉടമയേയും സഹയാത്രക്കാരെയും ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയി ഒരുകോടി രൂപ കവര്‍ന്നതായാണ് പരാതി. കണ്ണൂര്‍ പാനൂര്‍ സ്വപ്‌ന ജ്വല്ലേഴ്‌സ് ഉടമ സൂരജ്, ബന്ധുക്കളായ കൃഷ്ണദേവ്, സുഭാഷ് എന്നിവരാണ് കവര്‍ച്ചക്കിരയായത്. 2021 മാര്‍ച്ച് 16ന് രാവിലെ 6.45 ഓടെയാണ് സംഭവമെന്ന് ഇതുസംബന്ധിച്ച് സൂരജ് പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

മാര്‍ച്ച 15ന് പുലര്‍ച്ചെയാണ് രണ്ടുകിലോ സ്വര്‍ണം വില്‍ക്കുന്നതിനായി മൂവരും ബാംഗളൂരുവിലേക്ക് പുറപ്പെട്ടത്. ഇവര്‍ക്ക് മൈസൂരുവില്‍ ബിസിനസ് തുടങ്ങാനുളള ആലോചന ഉണ്ടായിരുന്നതായും ഉച്ചക്ക് ഒരുമണിയോടെ മൈസൂരുവിലെത്തി കടമുറിയുടെ വാടക അഡ്വാന്‍സായി 60,000രൂപ ഉടമക്ക് കൊടുത്തതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വൈകിട്ട 5ന് ബാംഗളൂര്‍ ചിക്‌പേട്ടിലെത്തി സ്വര്‍ണവ്യാപാരിയുമായി ഒരുകോടി രൂപക്ക് കച്ചവടം ഉറപ്പിക്കുകയും ഈതുക കാറിന്‍റെ ഹാന്‍ഡ് ബ്രെയ്ക്ക് ബോക്‌സിനകത്തായി സൂക്ഷിച്ചിരുന്നതായും പരാതിക്കാര്‍ പറയുന്നു.

തിരികെ വരുന്ന വഴിയില്‍ വാഹനം ഹന്‍സൂരിന് സമീപം കഫെ കോഫിഡേക്ക് സമീപം നിര്‍ത്തിയിട്ട് ഉറങ്ങുകയും തുടര്‍ന്ന് രാവിലെ 6.20ന് യാത്ര തുടരുകയുമായിരുന്നു. ഹുന്‍സൂരുവില്‍ നിന്ന് നാലഞ്ച് കിലോമീറ്റര്‍ പിന്നിട്ട് യശോധപുരയിലെത്തിയപ്പോള്‍ പ്രാഥമീകാവശ്യങ്ങള്‍ക്കായി വണ്ടി നിര്‍ത്തി. ഈ സമയം ഒരു ഇന്നോവ കാര്‍ കാറിന് മുന്നില്‍ നിര്‍ത്തുകയും ഏഴോളം വരുന്ന സംഘം ചാടിയിറങ്ങി മൂവരേയു മര്‍ദ്ദിക്കുകയും മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങിയശേഷം ഇന്നോവ വാനിലിട്ട് അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോകുകയുമായിരുന്നെന്ന് അവര്‍ പറയുന്നു. പിന്നീട് ഹുന്‍സൂരിനും ചില്‍കുണ്ടക്കുമിടയില്‍ ഉരസു കല്ലഹളളിയില്‍ മൂവരേയും ഇറക്കിവിട്ട് കവര്‍ച്ച സംഘം രക്ഷപെട്ടു. സംഘം തട്ടിക്കൊണ്ടുപോയ കാര്‍ പിന്നീട് ചില്‍കുണ്ടയില്‍ നിന്ന് പോലീസ് കണ്ടെടുത്തെങ്കിലും പണം നഷ്ടപ്പെട്ടിരുന്നു.

മൈസൂരു -ഹുന്‍സൂരു റോഡില്‍ കേരള രജിസ്‌ട്രേഷന്‍ ഉളള കാറുകള്‍ മാത്രം കവര്‍ച്ച ചെയ്യുന്ന സംഘങ്ങള്‍ സജീവമാണെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. സൂരജിന്‍റെ വ്യാപാര ഇടപാട് അറിയാവുന്നവര്‍ ആരെങ്കിലുമാവാം കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും പോലീസ് സംശയുിക്കുന്നുണ്ട്., അടുത്തയിട ഗുണ്ടല്‍പേട്ട് -ഗൂഡല്ലൂര്‍ റോഡില്‍ ബന്ദിപ്പൂര്‍ വനമേഖലയില്‍ മലയാളി യാത്രക്കാരെ കൊളളയടിക്കാന്‍ ശ്രമം നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഇത്തരം കവര്‍ച്ചകള്‍ക്കെതിരെ മലയാളി സംഘടനകള്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഹൈവേകളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കുകയും മലയാളികളടക്കമുളള കവര്‍ച്ചാസംഘങ്ങള്‍ പിടിയിലാവുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *