റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബലാത്സംഗകേസിലെ പ്രതി പരാതിക്കാരിയ്ക്ക് രാഖി കെട്ടണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം സുപ്രീം കോടതി റദ്ദ് ചെയ്തു

March 18, 2021 - 6:12 pm

ന്യൂഡല്‍ഹി : ബലാത്സംഗകേസിലെ പ്രതിയ്ക്ക് ജാമ്യം അനുവദിക്കാന്‍ പരാതിക്കാരിയ്ക്ക് രാഖി കെട്ടണമെന്ന വിചിത്ര നിര്‍ദ്ദേശം മുന്നോട്ടുവെച്ച മധ്യപ്രദേശ് ഹൈക്കോടതി വിധി സുപ്രീം കോടതി 18/03/21 വ്യാഴാഴ്ച റദ്ദ് ചെയ്തു.
ഒമ്പത് വനിതാ അഭിഭാഷകര്‍ നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഇടപെടല്‍. ഇത്തരം സ്റ്റീരിയോ ടൈപ്പ് കാഴ്ച്ചപ്പാടുകള്‍ ഒഴിവാക്കണമെന്ന് സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.

പരാതിക്കാരി അനുഭവിക്കുന്ന മാനസികാഘാതങ്ങളെ നിസ്സാരവത്കരിക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് സുപ്രീംകോടതി ബെഞ്ച് പറഞ്ഞു. പ്രതിയ്ക്ക് ജാമ്യം അനുവദിക്കരുതെന്നും ഇരയുടെ മാനസികനിലയെ പരിഹസിക്കുന്നതിന് തുല്യമാണിതെന്നും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. ഇത് ശരിവെച്ച ബെഞ്ച് മധ്യപ്രദേശ് ഹൈക്കോടതി വിധി റദ്ദാക്കുകയായിരുന്നു.

2020 ഓഗസ്റ്റ് 20നാണ് പീഡനക്കേസ് പ്രതിയ്ക്ക് ജാമ്യം നല്‍കാന്‍ വിചിത്ര വ്യവസ്ഥയുമായി മധ്യപ്രദേശ് ഹൈക്കോടതി രംഗത്തെത്തിയത്. രക്ഷാ ബന്ധന്‍ ദിനത്തില്‍ പരാതിക്കാരിയായ സ്ത്രീയുടെ കൈയില്‍ രാഖി കെട്ടണമെന്നും എല്ലാ കാലത്തും അവളെ സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കണമെന്നും എന്നാല്‍ മാത്രമേ ജാമ്യം നല്‍കുകയുള്ളുവെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം.

ഒരു പീഡനകേസിലെ പ്രതിയായ വിക്രം സിംഗ് എന്നയാള്‍ക്കാണ് ഈ വ്യത്യസ്ത ജാമ്യ വ്യവസ്ഥ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. രാഖി കെട്ടുന്നതിനോടൊപ്പം 11000 രൂപ പെണ്‍കുട്ടിയ്ക്ക് സമ്മാനമായി നല്‍കണം. രക്ഷാബന്ധന്‍ ആഘോഷങ്ങളില്‍ സഹോദരി സഹോദരന്‍മാര്‍ പരസ്പരം സമ്മാനങ്ങള്‍ നല്‍കുന്നതുപോലെ-എന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്.
മധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് രോഹിത് ആര്യയുടെ ബെഞ്ചാണ് ഈ വിചിത്ര നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *