സോഷ്യല്‍ മീഡിയ പരസ്യം: നിരീക്ഷണം കര്‍ശനമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

തൃശ്ശൂർ: സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സോഷ്യല്‍ മീഡിയവഴിയുള്ള അനധികൃത പരസ്യങ്ങള്‍ക്കെതിരെ നിരീക്ഷണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമാക്കി. പരസ്യങ്ങളുടെയും പെയ്ഡ് ന്യൂസിന്റെയും നിരീക്ഷണത്തിനായി രൂപീകരിച്ച മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മീഡിയ മോണിറ്ററിംഗ് കമ്മറ്റിക്ക് ഇത് സംബന്ധിച്ച നിർദേശം ജില്ലാ കലക്ടർ എസ് ഷാനവാസ് നൽകി. 

മുന്‍കൂര്‍ അനുമതി വാങ്ങാത്ത പരസ്യങ്ങള്‍ കണ്ടെത്തി രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും തിരഞ്ഞെടുപ്പ് ചെലവില്‍ വകയിരുത്തണം. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ നല്‍കുന്നതിന് കമ്മറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. ടെലിവിഷന്‍, ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സാമൂഹ്യമാധ്യമങ്ങള്‍, എസ് എം എസ്, സിനിമാശാലകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ദൃശ്യ ശ്രാവ്യ മാധ്യമസങ്കേതങ്ങള്‍, പൊതുസ്ഥലങ്ങളിലെ വീഡിയോ ഓഡിയോ പ്രദര്‍ശനം, വോയ്‌സ് മെസേജുകള്‍, എസ് എം എസുകള്‍, ദിനപ്പത്രങ്ങളുടെ ഇ-പേപ്പറുകള്‍ തുടങ്ങിയവയിലെ പരസ്യങ്ങള്‍ക്കെല്ലാം മുന്‍കൂര്‍ അനുമതി തേടിയിരിക്കണം. 

മാധ്യമസ്ഥാപനങ്ങള്‍ കലക്ടേറ്റിലെ  എം സി എം സിയുടെ അനുമതിയുള്ള പരസ്യമാറ്ററുകള്‍ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ. അയ്യന്തോൾ സിവിൽ സ്‌റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍  പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയ സെന്ററിലാണ്  പരസ്യങ്ങള്‍ക്കുള്ള മുന്‍കൂര്‍ അനുമതി ലഭ്യമാക്കുന്ന എം സി എം സിയുടെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ സെല്‍ പ്രവര്‍ത്തിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും സെല്‍ പ്രവര്‍ത്തിക്കും.  

പാര്‍ട്ടികളുടെ പ്രതിനിധികളും സ്ഥാനാർത്ഥികളും പരസ്യങ്ങള്‍ സംപ്രേഷണമോ പ്രക്ഷേപണമോ ചെയ്യുന്നതിന് മൂന്നു ദിവസം മുന്‍പെങ്കിലും വിശദവിവരങ്ങളോടെ നിശ്ചിത ഫോമില്‍  അപേക്ഷ എം സി എം സി സെല്ലില്‍ സമര്‍പ്പിക്കണം. പരസ്യം നല്‍കുന്നത് മറ്റ് സംഘടനകളാണെങ്കില്‍ ഏഴു ദിവസം മുന്‍പ് സമര്‍പ്പിക്കണം. പരസ്യത്തിന്റെ ഉള്ളടക്കം സി ഡിയിലോ ഡി വി ഡിയിലോ ആക്കി രണ്ട് പകര്‍പ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്‌ക്രിപ്റ്റും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. പരസ്യത്തിന്റെ നിര്‍മാണച്ചെലവ്, ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് തുടങ്ങിയവ വ്യക്തമാക്കുന്ന നിശ്ചിത ഫോമിലാണ് അപേക്ഷ നല്‍കേണ്ടത്. പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള പണം ചെക്കായോ ഡിമാന്റ് ഡ്രാഫ്റ്റായോ മാത്രമേ നല്‍കൂ എന്ന് വ്യക്തമാക്കുന്ന പ്രസ്താവനയും ഇതോടൊപ്പം ഉണ്ടാകണം. 

അച്ചടി മാധ്യമങ്ങളില്‍ സ്ഥാനാർത്ഥിയുടെ അറിവോടെയും അനുമതിയോടെയും വരുന്ന പരസ്യങ്ങളുടെ ചെലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. സ്ഥാനാർത്ഥിയുടെ അറിവില്ലാതെ പരസ്യം പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കില്‍  പ്രസാധകനെതിരെ നിയമ നടപടിക്ക് ശുപാര്‍ശ ചെയ്യും. അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെടുന്ന പരസ്യങ്ങള്‍ വിലയിരുത്തി കമ്മിറ്റി 48 മണിക്കൂറിനകം തീരുമാനമറിയിക്കും. മീഡിയ സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0487 2360644 എന്നീ നമ്പറിൽ ബന്ധപ്പെടുക. ഇ മെയിൽ mcmctcr2021@gmail.com.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →