കൊല്‍ക്കത്ത: വീല്‍ചെയറില്‍ റാലി നയിക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 14/03/21 ഞായറാഴ്ച ഉച്ചയോടെ പരിക്കേറ്റ കാലുമായി മമത പരസ്യ പ്രചാരണത്തിന് ഇറങ്ങുമെന്നാണ് വിവരം. നന്ദിഗ്രാമില്‍ ആക്രമണത്തില്‍ പരിക്കേറ്റ് നാല് ദിവസത്തിന് ശേഷം മാര്‍ച്ച് 12നാണ് മമത ആശുപത്രി വിട്ടത്. ഏഴ് ദിവസത്തിന് ശേഷം വീണ്ടും ആശുപത്രിയില്‍ എത്തണമെന്ന് ഡോക്ടര്‍മാര്‍ മമതക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഗാന്ധി മൂര്‍ത്തി മുതല്‍ ഹസ്ര വരെയാണ് പ്രകടനം നടക്കുക. ഞായറാഴ്ച ഉച്ചക്ക് ഹസ്രയില്‍ നടക്കുന്ന പൊതുറാലിയെ മമത അഭിസംബോധന ചെയ്യും. അതേസമയം തിരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കില്ലെന്ന് തൃണമൂല്‍ നേതാക്കള്‍ അറിയിച്ചു.
15/03/21 തിങ്കളാഴ്ച പുരുലിയ ജില്ലയിലെ ബാഗ്മുണ്ടിയിലെ ജല്‍ദ പ്രദേശം, ബലരാംപൂര്‍ റത്താല മൈതാനം എന്നിവിടങ്ങളില്‍ മമത ബാനര്‍ജി ജനങ്ങളെ അഭിസംബോധന ചെയ്യും. ബങ്കുര, ഝാര്‍ഗ്രാം എന്നീ ജില്ലകള്‍ സന്ദര്‍ശിക്കുമെന്നും മുന്‍പ് അറിയിച്ചിരുന്നു. ബുധനാഴ്ചയാണ് നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ ഉന്തിലും തള്ളിലും മമതക്ക് വീണ് പരിക്കേറ്റത്. നാലഞ്ചുപേര്‍ ചേര്‍ന്ന് തന്നെ മനഃപൂര്‍വം തള്ളിയിട്ടതാണെന്നാണ് മമത ആരോപിച്ചിരുന്നത്. അപകടത്തില്‍ ഇടതുകാലിനും തോളിനും കൈത്തണ്ടക്കും കഴുത്തിനും മമതക്ക് പരുക്കേറ്റിരുന്നു.മമതക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ആഴത്തിലുള്ള ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് തൃണമൂല്‍ നേതാക്കളുടെ ആറംഗ സംഘം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഉന്നതതല അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.



