തിരുവനന്തപുരം: നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും തടയിടാന്‍ വന്നാല്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കിഫ്ബി വഴി സംഭരിച്ച തുക കേരളത്തില്‍ തന്നെ ചെലവഴിക്കും. കേന്ദ്രഏജന്‍സികള്‍ ആര്‍ക്കുവേണ്ടിയാണ് ചാടിയിറങ്ങിയതെന്ന് തിരിച്ചറിയാന്‍ പാഴൂര്‍പടി വരെ പോകേണ്ടതില്ലെന്നും മുഖ്യമന്ത്രി 04/03/21 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
“ബിജെപിയെയും അവര്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ അവര്‍ പറയന്നതിന് മുന്‍പേ വിളിച്ചുപറയുന്ന കോണ്‍ഗ്രസ് നേതൃത്വത്തെയും തൃപ്തിപ്പെടുത്താനുള്ള അന്വേഷണമല്ല നടത്തേണ്ടത്. കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ അവര്‍ക്ക് തോന്നുന്നപോലെ പ്രവര്‍ത്തിക്കാന്‍ അധികാരം കിട്ടിയവരല്ലെന്ന് മനസിലാക്കുന്നത് നല്ലതാണ്. കേന്ദ്രധനകാര്യ മന്ത്രി ഇവിടെ വന്ന് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. കിഫ്ബിക്കെതിരായ ആരോപണങ്ങള്‍ ജനങ്ങള്‍ മുഖവിലക്കെടുക്കില്ലെന്ന് അറിഞ്ഞുകൊണ്ടാകണം തന്റെ വകുപ്പിന് കീഴിലെ ഇഡിയെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കാന്‍ ശ്രമം ആരംഭിച്ചത്. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കാര്യങ്ങളറിയാം. എന്നാല്‍ ഇവിടെ ദൃശ്യമാധ്യമങ്ങളിലൂടെ കിഫ്ബിക്കെതിരെ ഇഡി അന്വേഷണമെന്നും ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയച്ചെന്നും വലിയതോതില്‍ വാര്‍ത്ത പ്രചരിപ്പിച്ചു. കിഫ്ബി ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് കിട്ടുന്നതിനു മുന്‍പേയാണ് മാധ്യമങ്ങളിലൂടെയുള്ള പ്രചരണം നടന്നത് “
മുഖ്യമന്ത്രി പറഞ്ഞു.
ഫെഡറല്‍ സംവിധാനത്തില്‍ ഭരണഘടനാപരമായി ചുമതലവഹിക്കുന്ന സര്‍ക്കാരിന്റെ ഭാഗമാണ് ഉദ്യോഹഗസ്ഥര്. ആ ഉദ്യോഗസ്ഥര്‍ക്കെതിരെ അധികാരം ദുര്‍വിനിയോഗം ചെയ്ത് ഭീഷണിപ്പെടുത്തുന്നതും അപമര്യാദയായി പെരുമാറുന്നതും ഉണ്ടാകുന്നു. വേണ്ടി വന്നാല്‍ ശാരീരികമായി ഉപദ്രവിക്കും എന്ന ഭാവത്തോടെ പെരുമാറുന്ന നിലവരെ ഉണ്ടാകുന്നു. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ ഇരയാകുന്നവര്‍ക്ക് സംരക്ഷണം നല്കാന് നാട്ടില്‍ നിയമം ഉണ്ടെന്ന് ഇവര്‍ ഓര്‍ക്കുന്നത് നല്ലതാണ്. തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാന്‍ വന്നാല്‍ കീഴടങ്ങാ്ന് ഉദ്ദേശിച്ചിട്ടില്ല. ജനങ്ങളോട് ഉത്തവാദത്വമുള്ളവരാണ് ഞങ്ങള്‍. അത് തടയാന്‍ വരുന്ന ഒരു ശക്തിക്ക് മുന്നിലും വഴങ്ങിക്കൊടുക്കുന്ന പാരമ്പര്യം ഞങ്ങളുടേതല്ലെന്നും പിണറായി പറഞ്ഞു.
മുന്‍പും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഭാഗത്ത് നിന്ന് ഇത്തരം നീങ്ങളുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് എന്തിനാണ് ഈ രീതിയില്‍ അന്വേഷണ ഏജന്‍സികളുടെ വെപ്രാളം. കേന്ദ്രഏജന്‍സികള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നവരെ മുന്‍പ് കണ്ടിട്ടുണ്ടാകാം. ഭയപ്പെടുത്തി വരുതിയിലാക്കാന്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാക്കളെ പരിചയമുണ്ടാകാം. പക്ഷേ ആ പരിപ്പൊന്നും ഇവിടെ വേവില്ല. ഇത് കേരളമാണ്. ഇവിടെ അത്തരം വിരട്ടുകൊണ്ട് ഉദ്ദേശിച്ച കാര്യം നടക്കില്ല. ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് കേരളത്തെ നശിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയാല്‍ ജനങ്ങള്‍ കയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.