റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശബരിമല, പൗരത്വ പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭയുടെ തീരുമാനം

February 24, 2021 - 3:04 pm

തിരുവനന്തപുരം: ശബരിമല, പൗരത്വ പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭയുടെ തീരുമാനം. ഗുരുതര ക്രിമിനല്‍ കേസുകളല്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് ബുധനാഴ്ച (24/02/21) മന്ത്രിസഭ തീരുമാനമെടുത്തത്.

ശബരിമല കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേ സമയം തങ്ങളോട് ആരും കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സിപിഐഎം അന്ന് പ്രതികരിച്ചത്. എന്നാല്‍ ഇപ്പോള്‍ കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിക്കുകയായിരുന്നു. യുഡിഎഫ് മന്ത്രിസഭ അധികാരത്തില്‍ വരികയാണെങ്കില്‍ കേസുകള്‍ നോക്കി പിന്‍വലിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ ആവശ്യത്തോട് പ്രതികരിച്ചിരുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ത്താലിനെ പിന്തുണച്ചെന്നാരോപിച്ച് 46 രാഷ്ട്രീയ, സാംസ്‌കാരിക, മതനേതാക്കള്‍ക്കെതിരെ അടുത്ത ദിവസം കേരള പൊലീസ് കേസെടുത്തിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, എസ്‌വൈഎസ് നേതാവ് നാസര്‍ ഫൈസി കൂടത്തായി, എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, ആക്ടിവിസ്റ്റുകളായ ടി ടി ശ്രീകുമാര്‍, ഡോ. ജെ ദേവിക, കെ കെ ബാബുരാജ്, എന്‍ പി ചെക്കുട്ടി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. ഇത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം വന്നിരിക്കുന്നത്.

ശബരിമല, പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് കേസുകള്‍ പിന്‍വലിക്കണമെന്ന് യുഡിഎഫ് കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. ശബരിമല പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിരുന്നു. ഇത് ഒരു രാഷ്ട്രീയ വിഷയമായി ഉയര്‍ത്തുന്നതിന് മുമ്പായി കേസുകള്‍ പിന്‍വലിക്കാമെന്ന തന്ത്രമാണ് എല്‍ഡിഎഫ് സ്വീകരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *