ന്യൂഡല്‍ഹി: ആമസോണ്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ റീട്ടെയിലിനെ 24,713 കോടി രൂപയ്ക്ക് ഏറ്റെടുക്കാനുള്ള റിലയന്‍സ് കരാറില്‍ മുകേഷ് അംബാനിയ്ക്ക് തിരിച്ചടി. ഏറ്റെടുക്കല്‍ അനുവദിക്കരുതെന്ന കാട്ടി ആമസോണ്‍ നല്‍കിയ ഹര്‍ജിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടതോടെയാണിത്.മറ്റൊരു ഉത്തരവ് വരുന്നതുവരെ ഫ്യൂച്ചര്‍- റിലയന്‍സ് ഇടപാട് അംഗീകരിക്കുന്നതില്‍നിന്ന് കമ്പനി ട്രിബ്യൂണലിനെ കോടതി വിലക്കുകയുംചെയ്തു. ആമസോണിന്റെ ഹര്‍ജിയില്‍ രേഖാമൂലം മറുപടിനല്‍കാന്‍ ഫ്യൂച്ചര്‍ റീട്ടെയിലിന് കോടതി നോട്ടീസ് നല്‍കി. അഞ്ച് ആഴ്ചയ്ക്കുശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.ദേശീയ കമ്പനി നിയമ ട്രിബ്യൂണല്‍, സെബി, സി.സി.ഐ. എന്നിവരുടെ നടപടികള്‍ നിര്‍ത്തിവെയ്ക്കാനാണ് ഉത്തരവ്.


