റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയമനടപടികള്‍ പാലിച്ചില്ലെന്ന് ആരോപണം, ദിഷയുടെ അറസ്റ്റില്‍ ദല്‍ഹി പൊലീസിന് നോട്ടീസ് അയച്ച് വനിതാ കമ്മീഷന്‍

February 17, 2021 - 8:52 am

ന്യൂഡല്‍ഹി: ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്തതില്‍ ദല്‍ഹി പൊലീസിന് നോട്ടീസ് അയച്ച് വനിതാ കമ്മീഷന്‍. ദല്‍ഹി വനിതാ കമ്മീഷനാണ് കേസിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ക്ക് നോട്ടീസ് അയച്ചത്.

ദിഷയെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമനടപടികള്‍ പാലിച്ചില്ലെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നോട്ടീസ് അയച്ചത്. കേസില്‍ പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിന്റെ പകര്‍പ്പും കമ്മീഷനു മുന്നില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവില്‍ നിന്ന് ദിഷയെ അറസ്റ്റ് ചെയ്യുന്ന സമയത്ത് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും അറസ്റ്റ് ചെയ്ത ശേഷം അഭിഭാഷകനെ കാണാന്‍ ദിഷയ്ക്ക് അവസരം നിഷേധിച്ചെന്നും പരാതിയുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസില്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടത്.

ഫെബ്രുവരി 19 ന് മുമ്പായി കേസിന്റെ വിശദാംശങ്ങള്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കണമെന്നും നോട്ടീസില്‍ പറയുന്നു.

ഞായറാഴ്ച(14/02/21)യാണ് ഗ്രേറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ ദിഷ രവിയെ അറസ്റ്റ് ചെയ്യുന്നത്. കേസിലെ ആദ്യ അറസ്റ്റായിരുന്നു ദിഷ രവിയുടേത്. ദല്‍ഹി പൊലീസ് ബെംഗളുരുവില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്തത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *