ന്യൂഡല്‍ഹി: ഓട്ടോമാറ്റിക് ടോള്‍ പ്ലാസ പേയ്മെന്റ് സംവിധാനം ഫാസ്ടാഗ് തിങ്കളാഴ്ച(15/02/21) അര്‍ധരാത്രി മുതല്‍ നിര്‍ബന്ധമാകും. വാഹനങ്ങളില്‍ ഫാസ്ടാഗ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇനി സമയം നീട്ടി നല്‍കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. വാഹനങ്ങളില്‍ ഫാസ്ടാഗ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കിലും പ്രവര്‍ത്തിക്കാത്ത ഫാസ്ടാഗാണെങ്കിലും ഇരട്ടി നിരക്കിന് തുല്യമായ പിഴ നല്‍കേണ്ടിവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ജനുവരി ഒന്നുമുതല്‍ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ നേരത്തെയുള്ള ഉത്തരവ്. പിന്നീടത് ഫെബ്രുവരി 15ലേക്ക് നീട്ടുകയായിരുന്നു. ദേശീയ പാതകളിലെ എല്ലാ ട്രാക്കുകളിലും ഫാസ്ടാഗ് സംവിധാനമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഡിജിറ്റല്‍ പേയ്മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനും കാത്തിരിപ്പ് സമയവും ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും ടോള്‍ പ്ലാസകളിലൂടെ തടസ്സമില്ലാതെ കടന്നുപോകുന്നതിനും ഫാസ്ടാഗിലേക്കുള്ള മാറ്റം സഹായിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു.നിലവില്‍, ദേശീയപാതകളിലെ ടോള്‍ പ്ലാസകളിലെ ഒരു പാത ഒഴികെയുള്ളവയെല്ലാം ഫാസ്റ്റ് ടാഗ് പാതകളാക്കി മാറ്റിക്കഴിഞ്ഞിട്ടുണ്ട്. ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ഫാസ്റ്റ് ടാഗ് പാതയിലേക്ക് പ്രവേശിക്കുന്ന പക്ഷം ടോള്‍ തുകയുടെ ഇരട്ടി പിഴയായി നല്‍കണമെന്നാണ് നിലവിലെ ചട്ടം. എന്നിരുന്നാലും, പണമടച്ച് യാത്ര ചെയ്യുന്നതിനായി ഒരു പാതയും നീക്കിവെച്ചിട്ടുണ്ട്. പക്ഷേ, പുതിയ പരിഷ്കാരത്തോടെ ഫെബ്രുവരി 15 മുതല്‍ ഇത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം.



