ഇടുക്കി: പെട്ടിമുടി ദുരന്തബാധിതരില്‍ അവശേഷിക്കുന്ന എട്ട് കുടുംബങ്ങള്‍ക്ക് അനുവദിച്ച വീടുകള്‍ കൈമാറി. കുറ്റിയാര്‍ വാലിയില്‍ സര്‍ക്കാര്‍ അനുവദിച്ച 50 സെന്‍റ് ഭൂമിയില്‍ ആണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ദുരന്തത്തില്‍ വീടുകള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ട ശരണ്യ അന്നലക്ഷ്മി, സരസ്വതി, സീതാലക്ഷ്മി, ദീപന്‍ ചക്രവര്‍ത്തി, പളനിയമ്മ, ഹേമലത ഗോപിക, കറുപ്പായി, മുരുകേശ്വരി,മാലയമ്മാള്‍ എന്നിവര്‍ക്കാണ് വീടുകള്‍ നല്‍കിയത്.
കഴിഞ്ഞ നവംബര്‍ ഒന്നിനായിരുന്നു. കുറ്റിയാര്‍ വാലിയില്‍ വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചത്. കണ്ണന്‍ദേവന്‍ പ്ലാന്‍റേഷന്‍ കമ്പനിയാണ് നിര്‍മ്മാണം ആരംഭിച്ച് 100 ദിവസത്തിനകം 550 സ്‌ക്വയല്‍ ഫീറ്റ് വീതമുളള വീടുകള്‍ നിര്‍മ്മിച്ചുനല്‍കിയത്. ഇന്നലെ കുറ്റിയാര്‍വാലിയിലെത്തി മന്ത്രി എം.എം മണി വീടിന്റെ താക്കോല്‍ കൈമാറി. താക്കോല്‍ ദാനത്തിന്റെ ഉദ്ഘാടനം മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.



