റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വിതുരയില്‍ കൊട്ടാരക്കര കില ഇറ്റിസി ഗോത്രായനം തുടങ്ങി.  മലമുകളിലെ കാടിന്റെ മക്കളുടെ ജീവിതം നേരിട്ടറിയാന്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരുടെ ഗോത്രായനം തുടങ്ങി. കൊട്ടാരക്കര കില ഇറ്റിസി നേതൃത്വത്തില്‍ പുതുതായി സര്‍വീസിലെത്തിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരാണ് (വി.ഇ.ഒ) ഗോത്രായനത്തില്‍ പങ്കെടുക്കുന്നത്. കില ഇറ്റിസിയുടെ വേറിട്ട പരിശീലന രീതിയാണ് പട്ടിക ഗോത്രവര്‍ഗ സങ്കേത പഠന പരിശീലനമായ ഗോത്രായനം. 

വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച്  ചെറുസംഘങ്ങളായാണ് വെള്ളനാട്, നെടുമങ്ങാട് ബ്ലോക്ക് പരിധിയിലെ ഗോത്രവര്‍ഗ സങ്കേതങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്. ഫീല്‍ഡ് തല ഉദ്യോഗസ്ഥരെന്ന നിലയില്‍ ഗോത്ര ജനവിഭാഗങ്ങള്‍ താമസിക്കുന്ന സങ്കേതങ്ങളുടെ സൗകര്യങ്ങള്‍ സംഘം നിരീക്ഷണത്തിലൂടെ മനസിലാക്കും.  വി.ഇ.ഒ.മാര്‍ക്ക് പദ്ധതികളെക്കുറിച്ചുള്ള ക്ലാസ് റൂം പഠനത്തിനൊപ്പം ഫീല്‍ഡ് തലത്തിലുള്ള യാഥാര്‍ത്ഥ്യങ്ങളും നേരിട്ടു മനസിലാക്കി പദ്ധതി നിര്‍വഹണം കൂടുതല്‍ കാര്യക്ഷമവും മികവുറ്റതുമാക്കാന്‍ ഇത്തരം പരിശീലന പരിപാടികള്‍ക്ക് കഴിയുമെന്ന് സംഘത്തിന് നേതൃത്വം നല്‍കുന്ന കില ഇ.റ്റി.സി പ്രിന്‍സിപ്പലും  ഡെപ്യൂട്ടി ഡവലപ്‌മെന്റ് കമ്മീഷണറുമായ ജി.കൃഷ്ണകുമാര്‍ പറഞ്ഞു. 

തെരഞ്ഞെടുത്ത സങ്കേതങ്ങളിലെ പൊതു – അടിസ്ഥാന സൗകര്യങ്ങള്‍, തൊഴില്‍ ലഭ്യത, വരുമാനം, പൊതുജനാരോഗ്യ സംവിധാനങ്ങള്‍  തുടങ്ങി സാമൂഹിക, സാമ്പത്തിക-സാംസ്‌ക്കാരിക സ്ഥിതിയും സംഘം നിരീക്ഷിക്കും. ആദിവാസി വിഭാഗങ്ങള്‍ക്കായുള്ള വിവിധ സര്‍ക്കാര്‍ – തദ്ദേശ സ്ഥാപനതല  പദ്ധതികളെക്കുറിച്ചും പഠനം നടത്തും. വിതുര ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുത്ത വാര്‍ഡുകളിലെ ആദിവാസി ഊരുകളാണ് സംഘം ആദ്യദിവസം സന്ദര്‍ശിച്ചത്. പൊടിയക്കാല ഗോത്രസങ്കേതത്തിലെ വീടുകള്‍, പ്രദേശത്തെ  ഗോത്രനിവാസികളുടെ പൊതു സൗകര്യങ്ങള്‍ എന്നിവയും സംഘം സന്ദര്‍ശിച്ചു.  ജില്ലയിലെ ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളുമായി സഹകരിച്ചാണ് ഗോത്രായനം നടത്തുന്നത്. പട്ടിവര്‍ഗ പ്രമോട്ടര്‍ എസ്.മൈനമ്മ, വോളന്റീര്‍മാരായ എം.കെ.സുനില്‍കുമാര്‍, കെ. അരുവി എന്നിവരോടൊപ്പമാണ് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ ഗോത്രവര്‍ഗ സങ്കേതങ്ങള്‍ സന്ദര്‍ശിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *