റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാംഗോങ്ങില്‍ സേന പിന്മാറ്റം: ധാരണ ഇങ്ങനെ

February 12, 2021 - 12:07 pm

ന്യൂഡല്‍ഹി: മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് താല്‍ക്കാലിക വിരാമമിട്ട് കിഴക്കന്‍ ലഡാക്കിലെ പാംഗോങ്ങില്‍ നിന്ന് ഇന്ത്യാ- ചൈന സേന പിന്‍മാറ്റം ആരംഭിച്ചു. ഒമ്പതാം വട്ട ചര്‍ച്ചയ്ക്ക് ശേഷമാണ് സംഘര്‍ഷ മേഖലകളുടെ കാര്യത്തില്‍ ഇന്ത്യയും ചൈനയും ധാരണയിലെത്തിയത്.

ജനുവരി 24ന് ഒമ്പതാംവട്ട കമാന്‍ഡര്‍തല ചര്‍ച്ചയിലുണ്ടായ ധാരണ പ്രകാരമാണ് പാങ്ഗോങ്ങില്‍ പ്രശ്‌നപരിഹാരമുണ്ടായത്. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷമേഖലയില്‍ നിന്ന് 9 മാസത്തിന് ശേഷം പരസ്പര ധാരണയോടെ സേന പിന്മാറ്റം തുടങ്ങിയെന്ന് ചൈനീസ് പ്രതിരോധമന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ ഇക്കാര്യം ശരിവച്ച് പ്രസ്താവന നടത്തിയത്. ഇപ്പോഴുള്ള ധാരണപ്രകാരം പാങ്ഗോങ് തടാകത്തിന്റെ വടക്കന്‍ തീരപ്രദേശത്തുനിന്ന് ചൈനീസ് സേന ഫിംഗര്‍ എട്ടിന് കിഴക്കുള്ള പഴയ ബേസിലേക്ക് പിന്മാറും. ഇന്ത്യന്‍ സേന ഫിംഗര്‍ മൂന്നിന് സമീപത്തെ സ്ഥിരം ബേസായ ധന്‍ സിംഗ് താപ്പ പോസ്റ്റിലേക്കും മാറും. എല്‍എസി ഇരുരാജ്യങ്ങളും അംഗീകരിക്കും, ഏകപക്ഷീയമായി എല്‍എസിയില്‍ മാറ്റങ്ങള്‍ വരുത്തില്ല, നേരത്തെയുള്ള ഉഭയകക്ഷി കരാറുകളും ധാരണകളും പാലിക്കും. ഈ മൂന്ന് ധാരണകളുടെ അടിസ്ഥാനത്തിലാണ് ഘട്ടംഘട്ടമായി സേന പിന്മാറ്റം. പട്രോളിങ് ഉള്‍പ്പടെയുള്ള സൈനിക നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. പിന്മാറ്റം പൂര്‍ണമായശേഷം 48 മണിക്കൂറിനുള്ളില്‍ മറ്റു പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സീനിയര്‍ കമാന്‍ഡര്‍ തല ചര്‍ച്ച പുനരാരംഭിക്കും. വടക്കന്‍ തീരത്ത് പരമ്പരാഗതമായി നടത്തിവന്ന(ഫിംഗര്‍ മൂന്നിനും എട്ടിനും ഇടയില്‍) പട്രോളിങ് അടക്കമുള്ള സൈനിക പ്രവര്‍ത്തനങ്ങളും ഇരുവിഭാഗവും നിര്‍ത്തും. നയതന്ത്ര, സൈനിക ധാരണയായശേഷംമാത്രം പട്രോളിങ് പുനരാരംഭിക്കും. മുന്നിലേക്ക് കയറി നിലയുറപ്പിച്ച മേഖലകളില്‍നിന്ന് ആയുധവിന്യാസം പിന്‍വലിക്കും. ടാങ്കുകളും മറ്റ് സൈനിക വാഹനങ്ങളുമാണ് ആദ്യം പിന്‍വലിച്ചു തുടങ്ങിയത്. ഇന്ത്യന്‍ ടാങ്കുകള്‍ ന്യോമയിലേക്കും സമീപ പ്രദേശങ്ങളിലേക്കും ചൈനീസ് ടാങ്കുകള്‍ സിരിജപ്, മോള്‍ഡോ ഗാരിസണിലേക്കും പിന്മാറി തുടങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *