ലണ്ടൻ: അതിസൂക്ഷ്മ ജീവകണങ്ങളായ വൈറസുകൾ ശാസ്ത്ര ലോകത്തെ എന്നും അമ്പരപ്പിച്ചിട്ടുണ്ട്. നമ്മുടെ സങ്കൽപങ്ങൾക്കെല്ലാം അപ്പുറത്താണ് വൈറസുകളുടെ സൂക്ഷ്മ പ്രപഞ്ചം. ഈ അതിനിസാര വലിപ്പത്തിൽ നിന്നു കൊണ്ടാണ് മാനവരാശിയെ വൈറസുകൾ കിടുകിടാ വിറപ്പിച്ചത്.
ലോകമാകെ പടർന്നു പിടിച്ച കോവിഡ് മഹാമാരിയുടെ വൈറസുകളെ മുഴുവൻ ശേഖരിച്ച് ഒരിടത്തു കൊണ്ടുവന്നാൽ അത് എത്രത്തോളം ഉണ്ടാകും ?
ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഒരു ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞൻ. ലോകമെങ്ങുമുള്ള കോവിഡ് വൈറസുകളെ ഒരു ചെറിയ കൊക്കക്കോള ബോട്ടിലിനകത്ത് നിസ്സാരമായി നിറയ്ക്കാമെന്നാണ് അദ്ദേഹത്തിൻ്റെ കണ്ടെത്തൽ. ബ്രിട്ടനിലെ ബാത്ത് യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്ര വിദഗ്ദ്ധനായ കിറ്റ് യേറ്റ്സാണ് വൈറസുകളുടെ വലിപ്പം വച്ച് ഇങ്ങനെയൊരു നിഗമനത്തിൽ എത്തിയത്.
പുതിയ അണുബാധകളുടെ ആഗോള നിരക്കും വൈറൽ ലോഡും കണക്കാക്കിയ കിറ്റ്യേറ്റ്സ് ലോകത്ത് രണ്ട് ബില്യൺ കോവിഡ്- 19 വൈറസ് കണികകളുണ്ടെന്ന് കണ്ടെത്തി. ഇതോടൊപ്പം വൈറസിന്റെ വ്യാസവും കൂടി അദ്ദേഹം കൂട്ടിചേർത്തു. ഒരു മീറ്ററിന്റെ 100 ബില്ല്യൺ ഭാഗം ആണ് വൈറസിൻ്റെ വ്യാസം.
ഇതോടെ ആഗോള കോവിഡ് വൈറസ് കണക്കും അതിൻ്റെയാകെ വ്യാപ്തവും തയ്യാർ.
കൊറോണ വൈറസിന്റെ പ്രൊജക്റ്റിംഗ് സ്പൈക്ക് പ്രോട്ടീനുകളുടെ കണക്കുകൂട്ടലും ഗോളീയ കണികകൾ ഒരുമിച്ച് അടുക്കുമ്പോൾ വിടവുകൾ അവശേഷിക്കുമെന്നതും കണക്കിലെടുക്കുമ്പോൾ പോലും മൊത്തം 330 മില്ലി ലിറ്റർ കോള കാനിനേക്കാൾ കുറവാണത്.
കോവിഡ് – 19 പകർച്ചവ്യാധിയിൽ ഇതുവരെ 2.34 ദശലക്ഷത്തിലധികം ആളുകൾ ലോകത്ത് മരിച്ചു. ലോകത്താകമാനം 107 ദശലക്ഷം കേസുകൾ സ്ഥിരീകരിച്ചിട്ടുമുണ്ട്.




