റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉത്തരാഖണ്ഡ് ദുരന്തം: കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് വിലയിരുത്തല്‍

February 8, 2021 - 12:09 pm

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ദുരന്തത്തിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് വിലയിരുത്തല്‍. ആഗോളതാപനം മൂലം ഹിമാനികള്‍ ഉരുകുന്നത് കാലാവസ്ഥാ വ്യതിയാനം സംഭവിച്ചിട്ടാണെന്നും ഐപിസിസിയുടെ ആറാം റിപ്പോര്‍ട്ട് തയ്യാറാക്കിയ അഞ്ജല്‍ പ്രകാശ് വ്യക്തമാക്കി.
ഹിന്ദു-കുഷ് ഹിമാലയന്‍ പ്രദേശത്ത് താപനില ഉയരുകയാണെന്നും ആഗോള താപനിലയിലെ വര്‍ധന ഹിമാലയന്‍ പ്രദേശത്തെ കൂടുതല്‍ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.കാലാവസ്ഥാ വ്യതിയാനം പ്രകൃതിദുരന്തങ്ങളുടെ ആവൃത്തിയിലും വ്യാപ്തിയിലും മാറ്റം വരുത്തിയെന്നും ഐപിസിസിയുടെ സമുദ്രങ്ങളെയും ക്രയോസ്ഫിയറിനെയും കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ടും പറയുന്നുണ്ട്. അതേസമയം, കാലാവസ്ഥാ വ്യതിയാനവും ചൂടു കൂടുന്നതും ഹിമാലയന്‍ മലനിരകള്‍ക്കു വലിയ ഭീഷണി ഉയര്‍ത്തുന്നതായി 2019 ജൂണില്‍ സയന്‍സ് അഡ്വാന്‍സസില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.21-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഹിമാലയന്‍ മഞ്ഞുമലകള്‍ ഉരുകുന്നതിന്റെ വേഗം ഇരട്ടിയായാണു വര്‍ധിച്ചിരിക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ജലക്ഷാമത്തിന് ഇതു വഴിതെളിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

മഞ്ഞുരുകലിനെ ആശ്രയിച്ചു ജീവിക്കുന്ന വലിയ വിഭാഗം കര്‍ഷകരും ഉണ്ട്. കോടിക്കണക്കിനു കര്‍ഷരാണു മഞ്ഞുരുകിവരുന്ന ജലത്തെ ആശ്രയിച്ചു കഴിയുന്നത്. വേനല്‍ക്കാലത്ത് ഉത്തരേന്ത്യന്‍ കര്‍ഷകരുടെ പ്രധാന ആശ്രയമാണ് ഇങ്ങനെയെത്തുന്ന ജലം.

1975 മുതല്‍ 2000 വരെയുള്ളതിനേക്കാള്‍ ഇരട്ടി വേഗത്തിലാണ് 2000 മുതല്‍ മഞ്ഞുമലകള്‍ ഉരുകുന്നത്. നേരത്തെ 0.25 മീറ്റര്‍ മഞ്ഞ് നഷ്ടമായിരുന്നെങ്കില്‍ ഇപ്പോഴത് ഇരട്ടിയായിരിക്കുന്നു. കൃതമായി കണക്കുകൂട്ടിയിട്ടില്ലെങ്കിലും നാലുദശകത്തിനിടെ ഹിമാലയന്‍ മലനിരകളിലെ മഞ്ഞിന്റെ മൂന്നിലൊന്നു ഭാഗം നഷ്ടമായിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ചൂടു കൂടുന്നതു തന്നെയാണു മഞ്ഞുരുക്കത്തിനു വേഗം കൂട്ടുന്നതെന്നു കൊളംബിയ സര്‍വകലാശാലയിലെ ഗവേഷകന്‍ ജോഷ്വ മൗറെര്‍ പറഞ്ഞു. ആല്‍പ് പര്‍വതനിരകളെ അപേക്ഷിച്ചു ഹിമാലയത്തില്‍ മഞ്ഞുരുകുന്നതിന്റെ വേഗത കുറവാണ്. പ്രാദേശികമായി വ്യത്യാസങ്ങളുണ്ടെങ്കിലും 1975-2000 കാലത്തേക്കാള്‍ 2000-2016 ല്‍ ശരാശരി ഒരു ഡിഗ്രി സെല്‍ഷ്യസാണ് ചൂട് കൂടിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *