ന്യൂഡല്‍ഹി: നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മാലദ്വീപ്, മൗറീഷ്യസ് തുടങ്ങിയ അയല്‍രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ കൊവിഡ് വാക്‌സിന്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യ വിതരണം ചെയ്യും. വാക്സീന്‍ നയതന്ത്രത്തിന്റെ ഭാഗമായുള്ള നടപടിയില്‍ കയറ്റുമതി പൂര്‍ണമായും സൗജന്യമായിട്ടാണ് ചെയ്യുക. അതേസമയം, അടുത്ത തവണ മുതല്‍ വാക്‌സിന്‍ വാങ്ങുന്ന അതത് രാജ്യങ്ങളിലെ സര്‍ക്കാര്‍ കമ്പനികള്‍ പണം നല്‍കണം.സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കോവിഷീല്‍ഡ് വാക്സീന്‍, ഭാരത് ബയോടെക്കിന്റെ കോവാക്സീന്‍ എന്നിവയാണ് ഇന്ത്യയില്‍ നിന്ന് വിതരണം ചെയ്യുക. മ്യാന്‍മറും ബംഗ്ലദേശും സീറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാര്‍ ഒപ്പിട്ടിരുന്നു. നേപ്പാളാണ് അവസാനമായി ഇന്ത്യയോട് വാക്സീന്‍ ആവശ്യപ്പെട്ടത്. ശ്രീലങ്കക്കും വാക്സിന്‍ ലഭ്യമാക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ പ്രഖ്യാപിച്ചിരുന്നു.
