ബംഗാളില്‍ വെല്ലുവിളിച്ച് മമതയും സുവേന്ദുവും : നന്ദിഗ്രാമില്‍ മല്‍സരിക്കുമെന്ന് മമത, അരലക്ഷം വോട്ടിന് തോല്‍പ്പിക്കുമെന്ന് സുവേന്ദു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അടുത്തിടെ ബിജെപിയിലേക്ക് മാറിയ സുവേന്ദു അധികാരിയും വാക്‌പോരില്‍.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിക്കുമെന്നു മമതാ ബാനര്‍ജി വ്യക്തമാക്കിയതോടെയാണ് വാക് പോര് ആരംഭിച്ചത്.സുവേന്ദുവിന്റെ മണ്ഡലമാണ് നന്ദിഗ്രാം.’നന്ദിഗ്രാം എന്റെ ഭാഗ്യസ്ഥലമാണ്, അതിനാല്‍ നന്ദിഗ്രാമില്‍നിന്നു മത്സരിക്കും എന്നാണ് പൊതുയോഗത്തില്‍ മമത വ്യക്തമാക്കിയത്.അതേസമയം, നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുടെ വെല്ലുവിളി ഏറ്റെടുത്ത സുവേന്ദു അധികാരി, പാര്‍ട്ടി അനുവദിച്ച് നന്ദിഗ്രാമില്‍ സ്ഥാനാര്‍ഥിയായാല്‍ കുറഞ്ഞത് അരലക്ഷം വോട്ടിനു മമതയെ കെട്ടുകെട്ടിച്ചിരിക്കും. അതിനു സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നാണ് മറുപടി നല്‍കിയത്. ബി.ജെ.പി. നേതൃത്വത്തിന്റെ മനസറിഞ്ഞശേഷം നന്ദിഗ്രാമിലെ തന്റെ സ്ഥാനാര്‍ഥിത്വം റാലി നടത്തി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൊല്‍ക്കത്തയിലെ ഭവാനിപുരില്‍നിന്നാണു മമത ജനവിധി തേടിയത്. ഭവാനിപുരിനു തന്നോടു പിണക്കം തോന്നരുതെന്നും നിങ്ങള്‍ക്കും നല്ലൊരു സ്ഥാനാര്‍ഥിയെ നല്‍കുമെന്നും മമത പറഞ്ഞു.’നന്ദിഗ്രാം എന്റെ മൂത്ത സഹോദരിയാണ്. ഭവാനിപുര്‍ ഇളയസഹോദരിയും. സാധ്യമെങ്കില്‍ രണ്ടിടത്തുനിന്നും മത്സരിക്കും. ഭവാനിപുരില്‍നിന്നു എനിക്കു മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റാരെങ്കിലും അവിടെ മത്സരിക്കും’- മമത ബാനര്‍ജി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →