റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പ് തടയാന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി

December 27, 2020 - 10:24 pm

ബീജിങ്: നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളരുന്നതിന്റെ സൂചനകള്‍ പുറത്തു വന്ന പശ്ചാത്തലത്തില്‍ പ്രശ്‌ന പരിഹാരത്തിനായി ചൈനീസ് ശ്രമം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉപമന്ത്രിയുടെ നേതൃത്വത്തില്‍ നാലംഗ ടീം ഇതിനായി ചൈനയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (എന്‍സിപി) യിലെ പിളര്‍പ്പ് തടയുന്നതിനുമുള്ള ശ്രമമാണ് സംഘം നടത്തുക. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ (സിപിസി) അന്താരാഷ്ട്ര വകുപ്പിന്റെ ഉപമന്ത്രി ഗുവോ യെഷോയാണ് സംഘത്തെ നയിക്കുക.

നേപ്പാളിലെ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പ്രധാനമന്ത്രി കെ. പി. ശര്‍മ്മ ഓലിയെ പുറത്താക്കിയിരുന്നു. എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ പുഷ്പ ദാഹല്‍ (പ്രചണ്ഡ) നയിക്കുന്ന സെന്‍ട്രല്‍ കമ്മിറ്റിയാണ് നടപടിയെടുത്തത്. ശര്‍മ്മയ്‌ക്കെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചിട്ടുണ്ട്.നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളരുന്നതിന്റെ കൃത്യമായ സൂചന തന്നെയാണ് ഇതിലൂടെ കാണാനാവുന്നത്.നേരത്തെ, ഒലിയുടെ സ്ഥാനത്ത് പാര്‍ട്ടിയുടെ രണ്ടാമത്തെ ചെയര്‍മാനായി മുതിര്‍ന്ന നേതാവ് മാധവ് കുമാര്‍ നേപ്പാളിനെ കേന്ദ്രകമ്മിറ്റി ഏകകണ്ഠമായി നാമനിര്‍ദേശം ചെയ്തിരുന്നു. പ്രചന്ദയാണ് പാര്‍ട്ടി ചെയര്‍മാന്മാരില്‍ ഒന്നാമന്‍.പ്രചന്ധയും മാധവ് കുമാറും പാര്‍ട്ടി യോഗങ്ങള്‍ക്ക് അധ്യക്ഷത വഹിക്കുമെന്നാണ് കേന്ദ്രകമ്മിറ്റി അംഗം രേഖ ശര്‍മ വ്യക്തമാക്കുന്നത്. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് ഒലിയെ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയതെന്നും അവര്‍ പറയുന്നു.

കേന്ദ്ര കമ്മിറ്റി അംഗങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൊത്തം 446 അംഗങ്ങളില്‍ 313 പേര്‍ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള വിഭാഗം സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നു.അതേസമയം, ഓലിയോട് അടുപ്പമുള്ള കേന്ദ്രസമിതി നേതാക്കളുടെ പ്രത്യേക യോഗം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ സംഘടിപ്പിച്ചിരുന്നു.

തിരഞ്ഞെടുപ്പ് ചിഹ്നത്തിനൊപ്പം ഔദ്യോഗിക പാര്‍ട്ടി അംഗീകാരം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിയുടെ രണ്ട് വിഭാഗങ്ങളും ശക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ് ഇരു വിഭാഗങ്ങളും. അതേസമയം, പാര്‍ട്ടിയിലെ പിളര്‍പ്പ് ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *