ന്യൂഡൽഹി: സൗത്ത് ദില്ലിയിലെ മൈതാൻ ഗർഹിയിൽ 10 വയസുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുടെ സുഹൃത്തായ ബിട്ടു സിംഗ് എന്ന 22 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നവംബർ 28 ന് കാണാതായ കുട്ടിയുടെ മൃതദേഹം ഏകദേശം ഒരു മാസത്തിനു ശേഷം ഡിസംബർ 24 നാണ് കണ്ടെത്തിയത്.
സൗത്ത് ദില്ലി സഞ്ജയ് കോളനിയിലെ വീട്ടിൽ നിന്ന് കുട്ടിയെ കാണാതാവുകയായിരുന്നു. ഡിസംബർ 24 വ്യാഴാഴ്ച മൈതാൻ ഗാർഹിയിലെ പുഴയ്ക്കടുത്ത് നിന്ന് മൃതദേഹം കണ്ടെത്തുമ്പോൾ വളരെ അഴുകിയതും ഭാഗികമായി കത്തിയതുമായ നിലയിലായിരുന്നു.
‘കുട്ടിയുടെ അമ്മയും അച്ഛനും വിവാഹബന്ധം വേർപെടുത്തി കഴിയുകയായിരുന്നു. പ്രതിയായ ബിട്ടു സിംഗ് കുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്നു. ബിട്ടു സിംഗ് വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും കുട്ടി ഉള്ളതിനാൽ സാധിക്കില്ല എന്നായിരുന്നു യുവതിയുടെ മറുപടി. ഒടുവിൽ കുട്ടിയെ കൊലപ്പെടുത്തി അമ്മയെ സ്വന്തമാക്കാൻ പ്രതി തീരുമാനിച്ചു.’
പൊലീസ് പറഞ്ഞു.
കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ പദ്ധതിയിട്ട പ്രതിയ്ക്ക് പ്രചോദനമായത് ഒരു ടിവി ഷോ ആയിരുന്നുവെന്നും പൊലീസ് പറഞ്ഞു. തെളിവുകൾ നശിപ്പിക്കുന്നതിനായി മൃതദേഹം കത്തിക്കാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു.
“നവംബർ 28 നാണ് കുട്ടിയെ കാണാതായി എന്ന പരാതി പൊലീസിന് ലഭിക്കുന്നത്. “കുട്ടി പലഹാരം വാങ്ങാൻ ഒരു കടയിൽ പോയിരുന്നെങ്കിലും തിരിച്ചെത്തിയില്ല. കുട്ടിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞതായിരുന്നു. കുട്ടി ആരോടൊപ്പം നിൽക്കുമെന്ന കാര്യത്തിൽ മാതാപിതാക്കൾ തമ്മിൽ തർക്കവും ഉണ്ടായിരുന്നു. പ്രദേശത്തെ എല്ലാ സിസിടിവികളും സ്കാൻ ചെയ്തെങ്കിലും ഞങ്ങൾക്ക് ഒന്നും കണ്ടെത്തിയില്ല, ”ഡിസിപി പറഞ്ഞു.
“ഏതാണ്ട് ഒരു മാസത്തിനുശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. കുട്ടിയുടെ മാതാപിതാക്കൾ പിന്നീട് മൃതദേഹം തിരിച്ചറിഞ്ഞു. ചോദ്യം ചെയ്തപ്പോൾ അമ്മ തന്റെ മകന് സമ്മാനങ്ങൾ നൽകുന്ന ബിട്ടു സിംഗ് എന്ന സുഹൃത്തിനെക്കുറിച്ച് മൊഴി നൽകി,” ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വ്യാഴാഴ്ച സിങ്ങിനെ ചോദ്യം ചെയ്തപ്പോൾ കുട്ടിയെ കൊന്നതായി ഇയാൾ സമ്മതിച്ചു. നവംബർ 28 ന് പഴങ്ങൾ വാങ്ങാനെന്ന കാരണം പറഞ്ഞ് കുട്ടിയെ ഓട്ടോയിൽ കയറ്റി ഇയാൾ ഒരു വനത്തിലേക്ക് പോയി, അവിടെ വച്ച് ബിട്ടു സിംഗ് കുട്ടിയെ സ്കാർഫ് ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊന്നു. തുടർന്ന് മൃതദേഹം ഒരു കുളത്തിൽ വലിച്ചെറിഞ്ഞു, ഒരു ദിവസം കഴിഞ്ഞ് ഇയാൾ വീണ്ടും സ്ഥലത്തേക്ക് പോയി മൃതദേഹം പാറകൾക്കടിയിൽ ഒളിപ്പിച്ചു. ശരീരം പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചെങ്കിലും നനഞ്ഞതിനാൽ പരാജയപ്പെട്ടു. തുടർന്ന് പ്രതി ശരീരത്തിൽ നിന്ന് വസ്ത്രങ്ങൾ നീക്കം ചെയ്യുകയും പ്ലാസ്റ്റിക് ബാഗിൽ ഇട്ട് നദിയിൽ എറിയുകയും ചെയ്തു.” ഡിസിപി താക്കൂർ പറഞ്ഞു.



