ചെന്നൈ: തമിഴ്‌നാട്ടിൽ പ്രായപൂർത്തിയാകാത്ത അഞ്ച് ദലിത് ആൺകുട്ടികളെ മലമൂത്ര വിസർജ്ജനം വൃത്തിയാക്കാൻ നിർബന്ധിച്ചതിന് മൂന്ന് ഉയർന്ന ജാതിക്കാരായ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരമ്പലൂർ ജില്ലയിലെ സിരുകുഡാൽ ഗ്രാമത്തിനടുത്താണ് സംഭവം.
10 നും 15 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾ ഒരു വെളിമ്പ്രദേശത്ത് മലമൂത്ര വിസർജനം നടത്തിയതാണ് പ്രശ്നങ്ങൾക്കു തുടക്കം. കുട്ടികളുടെ പ്രവർത്തി കണ്ട പ്രതികൾ അവരുടെ മലമൂത്ര വിസർജ്ജനം നിലത്തുനിന്ന് നീക്കി ഗണ്ണി ബാഗുകളിൽ കയറ്റാൻ അവരോട് ആവശ്യപ്പെടുകയായിരുന്നു.
സംഭവത്തിലെ പ്രതികളായ അബിനേഷ് (20), സെൽവകുമാർ (24), സിലാംബരസൻ (22) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത ദളിത് കുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമീണർ റോഡ് തടഞ്ഞു. പ്രതികൾക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഗ്രാമവാസികൾ പ്രതിഷേധം പിൻവലിച്ചത്.
സ്ഥിതി നിയന്ത്രണവിധേയമാണെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പെരമ്പലൂർ പോലീസ് സൂപ്രണ്ട് നിഷാ പരിബാൻ പറഞ്ഞു.



