ഗുവാഹത്തി: ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്താല്‍ ഹിന്ദുക്കളെ മര്‍ദ്ദിക്കുമെന്ന് ബജ്റംഗ്ദള്‍ നേതാവ്. ക്രിസ്മസിന് ഒരു ഹിന്ദുവും പള്ളിയില്‍ പോവില്ല. അത് ഞങ്ങള്‍ ഉറപ്പുവരുത്തും. അങ്ങനെ പോകുന്നവര്‍ക്ക് അടിയും ശകാരവും കിട്ടുമെന്നുമാണ് അസമിലെ ബജ്റംഗ്ദള്‍ ജില്ലാ യൂണിറ്റ് ജനറല്‍ സെക്രട്ടറി മിഥു നാഥ് ഭീഷണി മുഴക്കിയത്. ഇദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്.
ഇത്തരത്തില്‍ ആളുകളെ മര്‍ദ്ദിച്ചാല്‍ അടുത്ത ദിവസം പത്രങ്ങളില്‍ ഈ വാര്‍ത്ത വരുമെന്ന ബോധ്യം ഞങ്ങള്‍ക്കുണ്ടെന്നും അതിനെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. 70ഓളം വരുന്ന പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് മിഥുനാഥിന്റെ പ്രഭാഷണം. സില്‍ച്ചര്‍ ക്രിസ്റ്റ്യന്‍ ന്യൂനപക്ഷ പ്രദേശമാണെങ്കില്‍ പോലും അംബികപട്ടിയിലെ ഓറിയന്റല്‍ സ്‌കൂള്‍ കേന്ദ്രീകരിച്ച് ക്രിസ്മസ് അവധിയാഘോഷങ്ങള്‍ വലിയ തോതില്‍ നടക്കാറുണ്ട്.ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള മേഘാലയയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലെ വിവേകാനന്ദ കേന്ദ്രം അടച്ചുപൂട്ടിയതില്‍ താന്‍ പ്രകോപിതനാണെന്നും മിഥു നാഥ് വീഡിയോയില്‍ പറയുന്നുണ്ട്.




