ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമങ്ങൾ കര്‍ഷകര്‍ക്ക് സുവർണാവസരങ്ങളാണ് നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കീ ബാത്തിലായിരുന്നു മോദിയുടെ പ്രതികരണം. നിയമങ്ങൾക്കെതിരെ തലസ്ഥാനത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കർഷക സമരം കൊടുമ്പിരി കൊണ്ടിരിക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്.
കര്‍ഷകര്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്നതും മുൻപുണ്ടായ എല്ലാ സര്‍ക്കാരുകളും നിരന്തരം നിരസിക്കുന്നതുമായ ആവശ്യങ്ങളാണ് ഒടുവില്‍ നടപ്പിലായിരിക്കുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു.
നിരവധി ആലോചനകള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ ഈ നിയമം നടപ്പിലാക്കിയത്. ഇതോടുകൂടി കര്‍ഷകര്‍ക്ക് മുന്‍പില്‍ ഉണ്ടായിരുന്ന അനേകം തടസങ്ങള്‍ മാറുകയാണ് ചെയ്തത്. അവര്‍ക്ക് പുതിയ അവകാശങ്ങളും അവസരങ്ങളും കൈവരികയും ചെയ്തുവെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
സമരത്തിലുള്ള കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കില്ലെന്ന സൂചനയാണ് പ്രധാനമന്ത്രി മന്‍കീ ബാത്തിലൂടെ നല്‍കിയത്. കർഷകർ ഉന്നയിക്കുന്ന ഏത് പ്രശ്നത്തിലും ചർച്ചയാകാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും കൃഷി മന്ത്രിയും പറഞ്ഞതിനു തൊട്ടു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.



