റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരത്ത് ആശുപത്രിയില്‍ ഗുരുതര വീഴ്ച, പ്രസവ ശസ്ത്രക്രിയക്കിടെ വയറിനുള്ളില്‍ പഞ്ഞി വച്ച് തുന്നിക്കെട്ടി, ആന്തരികാവയവങ്ങളില്‍ പഴുപ്പും നീരും കെട്ടി യുവതി ഗുരുതരാവസ്ഥയിൽ

November 27, 2020 - 2:03 pm

തിരുവനന്തപുരം: തൈക്കാടുള്ള സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ പഞ്ഞി ഉള്‍പ്പെടെ സാധനങ്ങള്‍ യുവതിയുടെ വയറിനുളളിലാക്കി തുന്നിക്കെട്ടിയതായി പരാതി. ആന്തരികാവയവങ്ങളില്‍ പഴുപ്പും നീരും കെട്ടി ഗുരുതരാവസ്ഥയിലായ യുവതിയെ എസ്എടി ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കി. നിലവിൽ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം നടക്കാന്‍ പോലുമാകാത്ത അവസ്ഥയിലാണ് യുവതി . അതേസമയം സംഭവത്തില്‍ പരാതി കിട്ടിയിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.

രണ്ടാമത്തെ പ്രസവത്തിനായാണ് ആശുപത്രിയിലെത്തിയ വലിയതുറ സ്വദേശി 22 വയസുള്ള അല്‍ഫിന അലിയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ശസ്ത്രക്രിയക്ക് ശേഷം വേദനക്ക് കുറവില്ലാതെ വന്നതോടെ ഡോക്ടറെ കണ്ടെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് ഡിസ്ചാര്‍ജ് ചെയ്തു. വീട്ടിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ എഴുന്നേറ്റിരിക്കാന്‍ പോലുമാകാത്ത അവസ്ഥയായി. തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തി സ്‌കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് വയറിനുള്ളില്‍ പഞ്ഞിക്കെട്ട് കണ്ടത്, അണുബാധയുമുണ്ടായിരുന്നു.

എസ്എടി ആശുപത്രിലെത്തിച്ചപ്പോള്‍ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് നിര്‍ദേശിച്ചു. ആദ്യം കീ ഹോള്‍ ശസ്ത്രക്രിയയാണ് ചെയ്തത്. അത് ഫലം കാണാതെ വന്നതോടെ വയര്‍ കീറി എല്ലാം പുറത്തെടുത്തു. തൈക്കാട് ആശുപത്രിയിലെ ഡോക്ടറുടെ പിഴവ് വ്യക്തമായതോടെ ആശുപത്രിയിലെത്തി ഇക്കാര്യങ്ങള്‍ അറിയിച്ചെങ്കിലും തെളിവുമായി വരാൻ ആശുപത്രി അധികൃതർ വെല്ലുവിളിച്ചതായി യുവതിയും ബന്ധുക്കളും പറയുന്നു.

ശസ്ത്രക്രിയക്കിടെ ഉപയോഗിക്കുന്ന സാധനങ്ങളെല്ലാം എണ്ണി തിരിച്ചെടുക്കാറുണ്ടെന്നും ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നുമാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ വിശദീകരണം. 19 ദിവസത്തിനിടെ മൂന്ന് ശസ്ത്രക്രിയകള്‍ക്കാണ് യുവതി വിധേയയായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *