ചെന്നൈ : നിവര്‍ ചുഴലിക്കാറ്റ് ബുധനാഴ്ച(25/11/2020) തമിഴ്നാട്, പുതുച്ചേരി തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ചുഴലിയായി മാറി. മണിക്കൂറില്‍ 100–120 കിലോമീറ്റര്‍വരെ വേഗതയിലാകും നിവര്‍ വീശുക.
മുന്‍കരുതലിന്റെ ഭാഗമായി തമിഴ്നാട്ടിലും പുതുച്ചേരിയിലും ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. ചെന്നൈയില്‍നിന്നും മധുര ഭാഗത്തേയ്ക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി. തമിഴ് നാട്ടിലെ തുറമുഖങ്ങളും അടച്ചു. കപ്പലുകള്‍ സുരക്ഷിത മേഖലകളിലേക്ക് മാറ്റി. തമിഴ്നാട്ടില്‍ ചൊവ്വാഴ്ച(24/11/2020 ) പരക്കെ മഴ പെയ്തു. ചെന്നൈയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ബുധനാഴ്ച വൈകിട്ടോടെ ചുഴലിക്കാറ്റ് തമിഴ്നാടും പുതുച്ചേരിയും മറികടക്കും. വ്യാഴാഴ്ചവരെ മഴയ്ക്ക് സാധ്യതയുണ്ട്. 2017 നവംബര്‍ 29 ന് വീശിയടിച്ച ഓഖി ചുഴലിക്കാറ്റിന്റെ മുന്‍ അനുഭവമുള്ളതിനാല്‍ തെക്കന്‍ സംസ്ഥാനങ്ങളെല്ലാം കനത്ത ജാഗ്രതയിലാണ്. നിവർ കേരളത്തെ ബാധിക്കില്ല എന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.




