റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മകനിൽ നിന്ന് നിയമ പോരാട്ടത്തിലൂടെ സ്വത്ത് തിരിച്ചെടുത്ത് മക്കൾക്ക് തുല്യമായി വീതിച്ച് കൊടുത്തു

November 22, 2020 - 5:56 pm


തമിഴ്നാട്: സ്വത്തവകാശത്തിന്റെ പേരിൽ മാതാപിതാക്കളെ മക്കൾ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. എന്നാല്‍, പലപ്പോഴും അതിനെതിരെ ഒന്ന് ശബ്‌ദമുയര്‍ത്താനോ, പ്രതികരിക്കാനോ കഴിയാതെ മാതാപിതാക്കള്‍ക്ക് നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വരുന്നു. എന്നാല്‍, അതിൽ നിന്ന് വ്യത്യസ്തമായി 108 വയസ്സായ കൃഷ്ണവേണിയമ്മാൾ സ്വത്ത് കൈക്കലാക്കി തന്നെയും, മൂന്ന് പെണ്‍മക്കളെയും നോക്കാതിരുന്ന മകനെതിരെ നിയമയുദ്ധത്തിന് ഇറങ്ങിത്തിരിക്കുകയും ലിംഗഭേദത്തിന്റെ ചട്ടക്കൂടുകള്‍ തകര്‍ത്തു കൊണ്ട് തന്റെ മകനില്‍ നിന്ന് സ്വത്തവകാശം വീണ്ടെടുക്കുകയും ശേഷം അത് അവരുടെ മൂന്ന് പെണ്‍മക്കള്‍ക്കും മകനും തുല്യമായി വീതിച്ച്‌ നല്‍കുകയും ചെയ്തു.

അധികാരികളുടെ സഹായത്തോടെ നീതി നടപ്പിലാക്കാൻ കരുത്തോടെ പോരാടിയ ഈ അമ്മ താമസിക്കുന്നത് തമിഴ്‌നാട്ടിലെ വില്ലുപുരത്തെ സിരുവന്താട് ഗ്രാമത്തിലാണ്. പ്രായം ശരീരത്തെ തളര്‍ത്തിയേക്കാമെങ്കിലും, ഒരമ്മയുടെ മനസ്സിനെയോ മക്കളോടുള്ള സ്നേഹത്തിനെയോ ഒരിക്കലും തളര്‍ത്താന്‍ സാധിക്കില്ലെന്ന് കൃഷ്ണവേണിയമ്മാള്‍ തെളിയിച്ചിരിക്കുന്നു. 900 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഒരു വീട്ടിലാണ് കൃഷ്ണവേണിയമ്മാള്‍ താമസിക്കുന്നത്. 1944 -ല്‍ പണികഴിപ്പിച്ച ആ വീട്ടില്‍ അവരുടെ വിധവകളായ മൂന്ന് പെണ്‍മക്കളുമുണ്ട്. ഏകദേശം 20 ലക്ഷം രൂപ വിലവരുന്ന വീടും, ആറ് കോടി വിലമതിക്കുന്ന ഭൂമിയും സര്‍ക്കാരുദ്യോഗസ്ഥനായ മകന്‍ ഗണേശന് അവകാശപ്പെട്ടതാണ്. കുടുംബത്തില്‍ നിന്ന് അകന്ന് താമസിക്കുന്ന ഗണേശന്‍ അമ്മയെയും സഹോദരങ്ങളെയും തിരിഞ്ഞു നോക്കാറില്ല. എല്ലാറ്റിനുമുപരിയായി, വസ്തുവകകള്‍ വിറ്റ് ഗണേശന്‍ അമ്മയെയും സഹോദരിമാരെയും തെരുവില്‍ ഇറക്കുമോ എന്നൊരാശങ്കയും കുടുംബാംഗങ്ങളില്‍ വളര്‍ന്നു വന്നു.

ഒക്ടോബര്‍ അവസാനത്തില്‍, അമ്മയുടെ ചെറുമകനായ കമ്മങ്കനന്‍ ഈ ആശങ്ക അയല്‍വാസികളായ ഷബീര്‍ അലി ബെയ്ഗ്, നസീര്‍ അഹമ്മദ് എന്നിവരുമായി സംസാരിച്ചു. സുഹൃത്തുക്കള്‍ അവനോട് ജില്ലാ പൊലീസ് സൂപ്രണ്ട് എസ് രാധാകൃഷ്ണനെ കാണാന്‍ പറഞ്ഞു. മുതിര്‍ന്ന പൗരന്മാരുടെ ആവലാതികളില്‍ മൂന്ന് ദിവസത്തിനകമെങ്കിലും ഇടപെടുന്നതില്‍ പേരുകേട്ട ഉദ്യോഗസ്ഥനാണ് അദ്ദേഹം.

തങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം തേടി പൊലീസ് സ്റ്റേഷനില്‍ എത്തിയ കൃഷ്ണവേണിയമ്മാള്‍ തന്റെ അവസ്ഥയെക്കുറിച്ച്‌ വിശദീകരിച്ചു. “എനിക്ക് വയസ്സായി, എപ്പോള്‍ വേണമെങ്കിലും ഞാന്‍ മരിച്ചേക്കാം. എന്റെ മകന്‍ സുരക്ഷിതനാണ്. എന്നാല്‍, എന്റെ മൂന്ന് പെണ്‍മക്കള്‍ ഞാനില്ലാതെ കഷ്ടപ്പെടുമോ എന്ന് ഞാന്‍ ഭയക്കുന്നു. എന്റെ സ്വത്ത് എന്റെ മക്കള്‍ക്ക് തുല്യമായി പങ്കിടാന്‍ വല്ല വഴിയുമുണ്ടോ?” മുത്തശ്ശി ഉദ്യോഗസ്ഥനോട് ചോദിച്ചു. തന്റെ മകനോട് ഈ ആവശ്യം പറഞ്ഞപ്പോള്‍ അവന്‍ അത് സാധിക്കില്ലെന്ന് തീര്‍ത്ത് പറഞ്ഞതായും അവര്‍ പറഞ്ഞു. അവര്‍ സംസാരിക്കുന്നതിന്റെ ഒരു വീഡിയോ ഷബീര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കിട്ടത് വൈറലായിരുന്നു.

ഈ പ്രായത്തിലും സ്വന്തം മക്കള്‍ക്ക് വേണ്ടി ഒരു അമ്മ പൊലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങുന്നത് കണ്ടപ്പോള്‍ എനിക്ക് വല്ലാത്ത അത്ഭുതം തോന്നി. അവരുടെ പ്രശ്‌നം പരിഹരിക്കാന്‍ ഞാന്‍ ഉടനെ തന്നെ വേണ്ടത് ചെയ്തൂ-രാധാകൃഷ്ണന്‍ പറയുന്നു. ജീവിക്കാന്‍ കഷ്ടപ്പെടുന്ന ഈ അമ്മയെയും, സഹോദരങ്ങളെയും, മകന്‍ നോക്കുന്നില്ലെന്നും, അരിയും മറ്റ് അവശ്യസാധനങ്ങള്‍ ഒന്നും തന്നെ വാങ്ങിക്കൊടുക്കുന്നില്ലെന്നും രാധാകൃഷ്ണന്‍ മനസ്സിലാക്കി. മാത്രവുമല്ല, കൃഷ്ണവേണിയമ്മാളിന് തന്റെ വീടിനോട് വല്ലാത്ത ഒരു വൈകാരിക ബന്ധമുണ്ടെന്നും, ഈ വീട്ടില്‍ കിടന്ന് മരിക്കാന്‍ അവര്‍ വളരെ ആഗ്രഹിക്കുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ തിരിച്ചറിഞ്ഞു. നിയമത്തില്‍ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനെക്കുറിച്ച്‌ സംസാരിച്ച അദ്ദേഹം, The Senior Citizenship Act പ്രകാരം പരസ്പര സമ്മതത്തിലൂടെ സ്വത്ത് വീണ്ടെടുക്കാന്‍ വ്യവസ്ഥകളുണ്ട് എന്ന് പറഞ്ഞു. കൂടാതെ, മാതാപിതാക്കളെ മക്കള്‍ നോക്കാത്ത പക്ഷം സ്വത്ത് തിരിച്ചെടുക്കാന്‍ നിയമത്തില്‍ വ്യവസ്ഥകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വസ്തുവിന്റെ ഉടമസ്ഥാവകാശം തിരിച്ച്‌ നല്‍കാനും, സഹോദരിമാരുമായി സ്വത്ത് പങ്കിടാനും ഗണേശനെ കൊണ്ട് പൊലീസ് സമ്മതിപ്പിക്കുകയും തുടര്‍ന്ന് നാല് സഹോദരങ്ങള്‍ക്കിടയില്‍ സ്വത്ത് തുല്യമായി വിതരണം ചെയ്യുന്നതിനായി പേപ്പറുകള്‍ തയ്യാറാക്കുകയും ചെയ്ത് പൊലീസ് തക്ക സമയത്ത് ഇടപെട്ട് ആ പ്രശ്‌നം പരിഹരിച്ചു. സ്വത്ത് തര്‍ക്കങ്ങളുടെ പേരില്‍ നമ്മുടെ നാട്ടിലെ നിരവധി മുതിർന്നവർ ദുരിതങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും പ്രത്യേകിച്ച്‌ മാതാപിതാക്കളുടെ സ്വത്ത് കൈക്കലാക്കിയ മക്കൾ അവരെ ഉപേക്ഷിക്കുന്ന അല്ലെങ്കില്‍ അവഗണിക്കുന്ന സംഭവങ്ങള്‍ നിരവധിയാണെന്നും അത്തരം വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണ്” രാധാകൃഷ്ണന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *