കോഴിക്കോട്: കാട്ടുപന്നികളുടെ തീരാശല്ല്യമാണ് കോഴിക്കോടന്‍ മലയോരമേഖലയില്‍ ആഞ്ഞടിക്കുന്ന തെരഞ്ഞെടുപ്പുവിഷയം. കാട്ടുപന്നിയുടെ ശല്ല്യം തീര്‍ക്കാതെ വോട്ടിനായി ആരും ഈ പടി കയറണ്ടെന്ന ബോര്‍ഡ് ഈ പ്രദേശങ്ങളിലെ മിക്ക വീടുകളിലും തൂക്കിയിരിക്കുകയാണ്. കാട്ടുപന്നികള്‍ വീടിനുളളിലേക്കുവരെ കയറുന്ന സ്ഥിതിയാണിവിടെയുളളത്. വിളനാശത്തിന് പുറമേ സ്വസ്ഥമായി ജീവിക്കാന്‍കൂടി പറ്റാത്ത സ്ഥിതിയായി. എന്തുചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് കര്‍ഷകര്‍.
കോടഞ്ചേരിയില്‍ ഒരു വീട്ടില്‍ രണ്ട് കാട്ടുപന്നികള്‍ കയറിയപ്പോള്‍ വീട്ടുകാര്‍ പുറത്തേക്ക് ചാടി രക്ഷപെടുകയായിരുന്നു. ആ വീട്ടിലെ സര്‍വ്വതും നശിപ്പിച്ചു. കാട്ടുപന്നികളെ വെടിവെച്ചുകല്ലാനുളള അനുമതി 6 മാസം കൂടി നീട്ടിയെങ്കിലും അതിനുളള സാങ്കേതികത ചെറുതല്ല. ലൈസന്‍സില്ലാത്ത തോക്കു കൊണ്ട് പന്നിയെ വെടിവെച്ചാല്‍ തടവ് ശിക്ഷവരെ അനുഭവിക്കേണ്ടിവരും.
തിരുവമ്പാടി ,കോടഞ്ചേരി, കൂടരഞ്ഞി,ചക്കിട്ടപ്പാറ തുടങ്ങിയ മലയോര ഗ്രാമങ്ങളെല്ലാം കാട്ടുപന്നി ശല്ല്യത്തില്‍ കഷ്ടപ്പെടുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്‍റെ തൊട്ടുപിന്നാലെ കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയില്‍ റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ തങ്കച്ചന്‍ കിഴുക്കരക്കാട്ട് ,ജെയിംസ് പുളിമൂട്ടില്‍ എന്നിവരുടെ വീട്ടുപടിക്കലാണ് പ്രതിഷേധത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് ആദ്യം പ്രത്യക്ഷപ്പെട്ടത്.പിന്നീട് ബോര്‍ഡുകളുടെ എണ്ണം വര്‍ദ്ധിച്ചു. കാട്ടുപന്നിയെ ശല്ല്യ മൃഗത്തിന്റെ പട്ടികയില്‍ പെടുത്താന്‍ പോരാടുന്നവര്‍ക്ക് മാത്രമേ വോട്ടുചെയ്യൂവെന്ന തീരുമാനത്തിലാണ് കര്‍ഷകര്‍.




