റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെബുലയുടെ പ്രകാശത്തെ ശബ്ദ രൂപത്തിലേക്ക് മാറ്റി നാസ, പക്ഷേ മലയാളികളായ ചിലർ അതിൽ സ്വർഗവും നരകവും ആത്മാക്കളുടെ നിലവിളിയും കൂട്ടിക്കുഴച്ചു

November 16, 2020 - 11:57 am

കൊച്ചി: നവംബർ ആദ്യവാരം അമേരിക്കൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ‘നാസ’ ഒരു നെബുലയുടെ പ്രകാശത്തെ ശബ്ദമാക്കി പരിവർത്തനം ചെയ്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. കേൾക്കുമ്പോൾ പേടി തോന്നുന്ന ഒരു കൂട്ട നിലവിളി പോലുള്ള ശബ്ദമായിരുന്നു അത്. ഹബ്ൾ ടെലസ്കോപ്പ് പകർത്തിയ 655 പ്രകാശവർഷങ്ങൾ അകലെയുള്ള ഹെലിക്സ് (HELIX 655) നെബുലയുടെ ദൃശ്യത്തെയാണ് ‘സോണിഫിക്കേഷൻ ‘ സാങ്കേതിക വിദ്യ വഴി ശബ്ദ രൂപത്തിലേക്ക് മാറ്റിയത്.

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും മലയാളികളായ ചിലർ സോഷ്യൽ മീഡിയയിൽ ഇതേ കുറിച്ച് പോസ്റ്റ് ചെയ്ത കമൻ്റുകൾ ആണ് കൗതുകകരം .

‘നരകവും സ്വർഗവുമെല്ലാം സത്യമാണ് ,ആരൊക്കെ നിഷേധിച്ചാലും ഇല്ലെങ്കിലും ശരി ,ഓരോ വ്യക്തിയും അനുഭവിക്കാൻ പോവുകയാണ് ‘
എന്ന് ഒരാൾ .

‘ദൈവം ഇല്ല എന്നു പറയുന്ന കുറേ മനുഷ്യരുണ്ട്, അവർ ഇതു കണ്ട് മനസ്സിലാക്കട്ടെ’
എന്ന് മറ്റൊരാൾ .

‘ആത്മാക്കളുടെ കൂട്ടനിലവിളിയാണത് സ്വർഗവും നരകവും ഉണ്ടെന്ന് മനസ്സിലാക്കാൻ നാസ വരെ പോകേണ്ട കാര്യം ഞങ്ങൾ വിശ്വാസികൾക്കില്ല’ എന്ന് വേറൊരാൾ.

തീർത്തും ശാസ്ത്രീയമായ ഒരു കാര്യത്തെ അന്ധവിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കാനായി ഉപയോഗിക്കുന്നവരുടെ കമന്റുകൾ ഇങ്ങനെ നിരവധിയാണ്.

തങ്ങളുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിനോടൊപ്പം നാസ തന്നെ വളരെ ലളിതമായി ഈ ശബ്ദം എന്താണെന്നും ശബ്ദം എങ്ങനെയാണ് അവർ ഉണ്ടാക്കിയതെന്നും വിശദീകരിച്ചിട്ടുണ്ട്. അതിങ്ങനെയാണ്

“ഹെലിക്സ് നെബുല 655. പ്രകാശവർഷം അകലെയാണ്. കുറഞ്ഞ പിണ്ഡമുള്ള നക്ഷത്രം അതിന്റെ ജീവിതാവസാനത്തിനടുത്ത് ബാഹ്യവസ്തുക്കളെ ചൊരിയുമ്പോൾ, നെബുലകൾ ഈ രൂപം സ്വീകരിക്കുന്നു.

ഈ സോണിഫിക്കേഷനിൽ, ചുവന്ന ലൈറ്റിന് താഴ്ന്ന പിച്ചുകളും നീല വെളിച്ചത്തിന് ഉയർന്ന പിച്ചുകളും നൽകുന്നു. പ്രകാശത്തിന്റെ ആവൃത്തി ചുവപ്പിൽ നിന്ന് നീലയിലേക്ക് വർദ്ധിക്കുന്നതുപോലെ, ശബ്ദത്തിന്റെ ആവൃത്തി താഴ്ന്നതിൽ നിന്ന് ഉയർന്ന പിച്ചുകളിലേക്ക് വർദ്ധിക്കുന്നു.”

അതായത് ഹെലിക്സ് നെബുലയുടെ പ്രകാശത്തിലെ നിറങ്ങളെ വ്യത്യസ്ത ശബ്ദ ആവൃത്തികളിലേക്ക് മാറ്റുകയാണ് നാസ ചെയ്തത്. നമ്മുടെ ടോർച് ലൈറ്റിനെയും സോണിഫിക്കേഷൻ വഴി അലർചയും നിലവിളിയും ഒക്കെയാക്കി മാറ്റാം എന്നർത്ഥം.

നക്ഷത്രാന്തരീയ ധൂളികൾ, ഹൈഡ്രജൻ വാതകങ്ങൾ പ്ലാസ്മ എന്നിവയുടെ മേഘങ്ങളെയാണ് നെബുല എന്ന് സാധാരണയായി വിളിക്കുന്നത്. ആദ്യകാലങ്ങളിൽ താരാപഥങ്ങളുൾപ്പെടെയുള്ള ബാഹ്യാകാശത്ത് വ്യാപിച്ച് കിടക്കുന്ന ജ്യോതിർവസ്തുക്കളെയും നെബുല എന്ന് വിളിച്ചിരിന്നു. നെബുലകളിലാണ് കൂടുതലും പുതിയ നക്ഷത്രങ്ങൾ പിറക്കുന്നത്.

നക്ഷത്രാന്തരീയ പദാർഥങ്ങളുടെ പരസ്പരമുള്ള ഗുരുത്വാകർഷണഫലമായാണ് ഭൂരിഭാഗം നെബുലകളും രൂപപ്പെടുന്നത്. നക്ഷത്രാന്തരീയ പദാർത്ഥങ്ങൾ ഒരുമിച്ച് കൂടുകയും മധ്യഭാഗത്ത് നക്ഷത്രം രൂപപ്പെടുകയും ചെയ്യുന്നു. തൽഫലമായുണ്ടാകുന്ന അൾട്രാവയലറ്റ് വികിരണങ്ങൾ ചുറ്റിലുമുള്ള വാതകപടലങ്ങളെ അയോണീകരിക്കുകയും ദൃഷ്ടിഗോചരമാകുകയും ചെയ്യുന്നു.

ചില നെബുലകൾ സൂപ്പർനോവയുടെ വിസ്ഫോടനത്തെതുടർന്ന് ഉണ്ടാകുന്നവയാണ്. ജീവിതദൈർഘ്യം കുറഞ്ഞ ഭാരിച്ച നക്ഷത്രങ്ങളുടെ പൊട്ടിത്തെറിയുടെ ഫലമായുണ്ടാകുന്നവയാണ് സുപ്പർനോവകൾ. സൂപ്പർനോവ അവശിഷ്ടങ്ങൾ പുറന്തള്ളപ്പെടുന്ന പദാർഥങ്ങളെ അയോണീകരിക്കുന്നതിന്റെ ഫലമായി നെബുല രൂപീകണം നടക്കുകയും ചെയ്യുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *