കോഴിക്കോട്: മാവോയിസ്റ്റ് വേല്‍മുരുകന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സഹോദരന്‍. തൊട്ടടുത്ത് നിന്നാണ് വെടി വെച്ചിട്ടുളളതെന്നും , ശരീരം നിറയെ വെടിയേറ്റ പാടുകള്‍ ഉണ്ടെന്നും കോഴിക്കോട്ടെത്തിയ സഹോദരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മധുരയില്‍ നിന്നെത്തിയ സഹോദരനേയും അമ്മയേയും ആദ്യം വേല്‍മുരുകന്റെ മുഖം മാത്രമാണ് കാണാന്‍ അനുവദിച്ചത്. പിന്നീട് പ്രതിഷേധിച്ചപ്പോഴാണ് മൃതദേഹം മൂടിയിരുന്ന തുണി നീക്കി കാണിച്ചത്. നിറയെ മുറിവുകളുണ്ടെന്നും ഇതിനെ ഏറ്റുമുട്ടലായി കാണാനാവില്ലെന്നും സഹോദരന്‍ പറഞ്ഞു.
ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം തമിഴ് നാട്ടില്‍ കൊണ്ടുപോയി സംസ്‌ക്കരിക്കും. നൂറിലേറെ പോലീസുകാരുടെ സുരക്ഷയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. മൃതദേഹം കാണണമെന്നാവശ്യപ്പെട്ടെത്തിയ ടി സിദ്ധിക്കടക്കമുളള കോണ്‍ഗ്രസ് നേതാക്കളെ ബലം പ്രയോഗിച്ച നീക്കുകയായിരുന്നു. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ പലതും ഒളിച്ചുവയ്ക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സംഭവം നടന്ന് 30 മണിക്കൂറിന് ശേഷമാണ് സംഭവ സ്ഥലത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാദ്ധ്യമങ്ങളെ അനുവദിച്ചത്. റിപ്പോര്‍ട്ടര്‍മാരെ മാറ്റി നിര്‍ത്തി ക്യാമറക്ക് മാത്രമാണ് പ്രവേശനം നല്‍കിയത്. സംഭവ സ്ഥലത്ത് ഫോറന്‍സിക്ക് ബാലിസ്റ്റിക്ക് വിദഗ്ദര്‍ പരിശോധന നടത്തി. ഏറ്റുമുട്ടലിനിടെ രക്ഷപെട്ട മാവോയിസ്റ്റുകള്‍ക്ക് വേണ്ടി തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങള്‍ തെരച്ചില്‍ നടത്തി.
രണ്ട് ക്രൈംബ്രാഞ്ച് എസ്പി മാര്‍ ബാണാസുര വനത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. തണ്ടര്‍ ബോള്‍ട്ട് സംഘത്തിലെ അംഗങ്ങളുടെ മൊഴികൂടി രേഖപ്പെടുത്തിയ ശേഷം ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.



