ന്യൂഡല്‍ഹി: പ്രണയിച്ചു മതം മാറ്റുന്നതിനെതിരെ നിയമം കൊണ്ടുവരുമെന്നു ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശും ഹരിയാനയും കര്‍ണാടകയും അസമും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിരഞ്ഞെടുപ്പു യോഗത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ചതിനു പിന്നാലെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും നിലപാട് വ്യക്തമാക്കിയിരുന്നു. തങ്ങളുടെ സംസ്ഥാനവും ലൗ ജിഹാദിനെതിരെയുള്ള നിയമനിര്‍മാണത്തെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും ഖട്ടര്‍ പറഞ്ഞു. നിരപരാധിയായ ഒരു വ്യക്തിയേയും ശിക്ഷിക്കുന്ന രീതിയിലാകില്ല നിയമ നിര്‍മാണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ കര്‍ണാടക, അസം മുഖ്യമന്ത്രിമാരും ഇക്കാര്യത്തെ പിന്തുണച്ച് മുന്നോട്ട് പോവുമെന്ന് അറിയിച്ചിരിക്കുകയാണ്.
‘ലവ് ജിഹാദ്’ എന്ന വാക്കുപയോഗിച്ചാണ് മുഖ്യമന്ത്രിമാര്‍ അതിനെതിരെ നിയമം കൊണ്ടുവരുമെന്നു പ്രഖ്യാപിച്ചത്. വിവാഹം കഴിക്കുന്നതിനു മതം മാറേണ്ട ആവശ്യമില്ലെന്നും പ്രണയത്തിന്റെ പേരില്‍ മതം മാറ്റുന്നതിനെതിരെ നിയമം കൊണ്ടുവരുമെന്നും ആദിത്യനാഥ് പറഞ്ഞു. ഫരീദാബാദില്‍ കോളെജ് വിദ്യാര്‍ത്ഥിയെ വെടിവെച്ചുകൊന്ന സംഭവം ലൗ ജിഹാദുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഇതിനെതിരെയുള്ള നിയമനിര്‍മാണത്തെ പറ്റി ആലോചിച്ചുവരികയാണ്. നിയമപരമായ വ്യവസ്ഥകള്‍ പ്രാബല്യത്തിലാക്കുന്നതോടെ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ല. നിരപരാധിയായ ഒരു വ്യക്തിയ്ക്കും ശിക്ഷ ലഭിക്കില്ല- ഖട്ടര്‍ പറഞ്ഞു.
അലഹാബാദ് ഹൈക്കോടതി ഇത്തരം മതം മാറ്റങ്ങള്‍ ആവശ്യമില്ലെന്നു പറഞ്ഞിട്ടുണ്ട്. ചതിക്കാനായി മതം മാറ്റുന്നവര്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നാലെയാണ് ഖട്ടര്‍ നിയമത്തെക്കുറിച്ചു പറഞ്ഞത്. ഫരീദാബാദില്‍ കോളജ് വിദ്യാര്‍ഥിനിയെ യുവാവ് വെടിവച്ചു കൊന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഖട്ടറുടെ പ്രതികരണം.



