റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓൺലൈൻ ചൂതാട്ട സ്ഥാപനങ്ങളുടെ പരസ്യത്തിൽ അഭിനയിക്കുന്ന താരങ്ങൾക്ക് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

November 3, 2020 - 10:40 pm

ചെന്നൈ: ഓൺലൈൻ ചൂതാട്ട സ്ഥാപനങ്ങളിലെ പരസ്യത്തിൽ അഭിനയിക്കുന്ന താരങ്ങൾക്ക് കോടതി നോട്ടീസ് അയച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി, ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി, ചലച്ചിത്രതാരങ്ങളായ തമന്ന ഭാട്ടിയ, പ്രകാശ് രാജ്, സുധീപ് എന്നിവർക്കെതിരെയാണ് കോടതി നോട്ടീസ് അയച്ചത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് 03-11-2020 ചൊവ്വാഴ്ച നടപടി എടുത്തത്.

തമിഴ്നാട് സ്വദേശിയായ മുഹമ്മദ് റിസ്വി നൽകിയ പരാതി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് എൻ കൃപാകരന്‍, ജസ്റ്റിസ് ബി പുകലേന്തി എന്നിവരടങ്ങിയ ബെഞ്ച്. അഡ്വക്കേറ്റ് കെ നീലമേഗം തുജ പരാതിക്കാരന് വേണ്ടി കോടതിയില്‍ ഹാജരായത്. ഓൺലൈൻ ചൂതാട്ടം ജനങ്ങളെ വഴിതെറ്റിക്കുകയും കടക്കെണിയില്‍ പെടുത്തി ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്നാണ് പരാതിക്കാരന്റെ വക്കീൽ വാദിച്ചത്. ദ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ, സെക്രട്ടറി എം ഇ ഐ ടി വൈ, വിവരസാങ്കേതിക വകുപ്പ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി തമിഴ്നാട് സർക്കാർ , ഡിജിപി, വിരാട് കോഹ്ലി, സൗരവ് ഗാംഗുലി, പ്രകാശ് രാജ്, സുധീപ് , തമന്ന ഭാട്ടിയ, റാണ ദുഗുബട്ടി എന്നിവരാണ് എതിർകക്ഷികള്‍.

ഇന്ത്യൻ നിയമവ്യവസ്ഥയ്ക്ക് വെളിയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ ഗെയിംസ് ഗ്രൂപ്പുകൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഭയപ്പെടുന്നു. ഈ ഓൺലൈൻ കമ്പനികളുടെ ആസ്ഥാനത്തെ കുറിച്ചോ അവരുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ചോ അന്വേഷിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. രാജ്യത്തെ യുവജനങ്ങളെയാണ് ഇവർ ഇരയാക്കുന്നത്. അതിനാൽ മേൽപ്പറഞ്ഞ കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്തുകയും ഓൺലൈൻ ഗെയിമുകൾ, നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സാമൂഹ്യ മാധ്യമ ഗ്രൂപ്പുകൾ, വെബ്സൈറ്റുകൾ എന്നിവയ്ക്കെതിരെ നടപടി എടുക്കുകയും നിരോധിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

പത്തു മുതൽ പതിനഞ്ചു വരെയുള്ള കക്ഷികൾ അനധികൃത അധാർമിക ഓൺലൈൻ ചൂതാട്ടത്തിനെ പ്രോത്സാഹിപ്പിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്യുന്നു. മാനസിക പ്രശ്നങ്ങൾ, പഠനത്തിൽ താല്പര്യമില്ലായ്മ, ശരീരഭാരം വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്ന അലസത, ഗെയിമിംഗ് ആസക്തി, മസ്തിഷ്ക വളർച്ചയെ മന്ദീഭവിപ്പിക്കുക, കാഴ്ചശക്തിയെ പ്രതികൂലമായി ബാധിക്കുക, ഉറക്കം ഇല്ലാതാക്കുക ഇതെല്ലാം ഓൺലൈൻ ചൂതാട്ടം യുവജനങ്ങളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ്.

രാജ്യത്തിൻറെ സുരക്ഷയെ ബാധിക്കുന്ന 224 ചൈനീസ് ആപ്പുകൾ കഴിഞ്ഞ ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായി ഗവൺമെൻറ് നിർത്തലാക്കി. എന്നാൽ സൈബർകുറ്റകൃത്യങ്ങൾ, സൈബർ ഭീഷണി, അക്രമം, സെനോഫോബിയ എന്നിവയ്ക്ക് കാരണമാകുന്ന ഓൺലൈൻ ഗെയിമുകൾക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ല എന്നും പരാതിയിൽ പറയുന്നു.

‘ഓൺലൈൻ ചൂതാട്ടം ജനങ്ങളെ പ്രതികൂലമായി സ്വാധീനിക്കുമെന്ന് അറിയില്ലേ?’ എന്ന് കോടതി എതിർകക്ഷികളോട് ചോദിച്ചു. എതിർ കക്ഷികളായ താരങ്ങൾക്ക് കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *