ഫെയ്സ് ബുക്ക് പോസ്റ്റിൻ്റെ പേരിൽ യുവതിക്കെതിരെ കേസെടുത്ത കൊൽക്കത്താ പൊലീസിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇത് ഒരു സ്വതന്ത്ര രാജ്യമായി തുടരട്ടെയെന്നും പരമോന്നത കോടതി

ന്യൂഡൽഹി: സർക്കാരിനെ വിമർശിച്ചതിന് സാധാരണ പൗരന്മാരെ ഉപദ്രവിക്കുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി. ബംഗാൾ സർക്കാരിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട യുവതിയെ വിളിച്ചുവരുത്തുകയും കേസെടുക്കുകയും ചെയ്ത കൊൽക്കത്താ പോലീസിൻ്റെ നടപടിക്കെതിരെയാണ് കോടതിയുടെ പരാമർശം.

ലോക് ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാതെ കൊൽക്കത്തയിലെ രാജാ ബസാർ പ്രദേശത്ത് തടിച്ചുകൂടിയ ആൾക്കൂട്ടത്തിൻ്റെ ഫോട്ടോയാണ് സർക്കാരിൻ്റെ അനാസ്ഥയെന്ന അടിക്കുറിപ്പോടെ ഡൽഹി സ്വദേശിനിയായ റോഷ്നി ബിശ്വാസ് ഫെയ്സ് ബുക്കിൽ പങ്കുവച്ചത്. പോസ്റ്റ് ശ്രദ്ധയിൽ പെട്ട പൊലീസ് യുവതിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

സാധാരണ പൗരന്മാർക്ക് ഈ രീതിയിൽ പോലീസ് സമൻസ് അയച്ചാൽ അത് അപകടകരമായ പ്രവണത സൃഷ്ടിക്കുമെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഇന്ദിര ബാനർജി എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ആർട്ടിക്കിൾ 19 (1) (എ) പ്രകാരം ഭരണഘടനാപരമായി തന്നെ സ്വതന്ത്രമായ സംസാരിക്കാനുള്ള അവകാശം പൗരൻമാർക്കുണ്ട്.

“ഏതെങ്കിലും രാജ്യത്ത് ആരെങ്കിലും സർക്കാരിനെതിരെ എന്തെങ്കിലും എഴുതുകയാണെങ്കിൽ, നിങ്ങൾ അദ്ദേഹത്തെ ഹാജരാക്കാൻ പോകുകയാണോ, ഇത് അപകടകരമായ ഒരു നിർദ്ദേശമാണ്. ഇത് ഒരു സ്വതന്ത്ര രാജ്യമായി തുടരട്ടെ. ”
കോടതി പറഞ്ഞു. ഹർജിയിൽ ബംഗാൾ സർക്കാരിന് കോടതി നോട്ടീസ് അയച്ചു.

Share
അഭിപ്രായം എഴുതാം