റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട റാന്നി പുതിയ പാലം: നിര്‍മാണ ചെലവ് 27 കോടി രൂപ

October 23, 2020 - 2:05 pm

പത്തനംതിട്ട: റാന്നി മേഖലയുടെ വികസനത്തിന് വേഗം കൂട്ടുന്നതും ഗതാഗത കുരുക്കിനും പരിഹാരമാകുന്ന റാന്നി പുതിയ പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. പുനലൂര്‍ – മൂവാറ്റുപുഴ റോഡിന് സമാന്തരമായി റാന്നി ബ്ലോക്കുപടിയില്‍ നിന്നും ആരംഭിച്ച് ഉപാസനക്കടവില്‍ എത്തുന്ന പാലം പമ്പാ നദിക്കുകുറുകെയാണു നിര്‍മ്മിക്കുന്നത്. 

2016-2017 കിഫ്ബി ഫണ്ടില്‍ നിന്നും 27 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്. 317 മീറ്ററാണ് പാലത്തിന്റെ നീളം. പാലത്തിന് ഇരുവശത്തും നടപ്പാതയോടുകൂടി 12 മീറ്റര്‍ വീതിയുമാണ് നിര്‍മ്മാണം. ജില്ലയിലെതന്നെ ഏറ്റവും വലിയ പാലമാണിത്. സംസ്ഥാന പാതയായ പുനലൂര്‍ – മൂവാറ്റുപുഴ റോഡില്‍ ബ്ലോക്കുപടി മുതല്‍ റാന്നി ടൗണ്‍ വരെയുള്ള ഭാഗത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനും മല്ലപ്പള്ളി, കോഴഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഗതാഗതക്കുരുക്കില്‍പ്പെടാതെ യാത്രചെയ്യാനും ഈ പാലം  സഹായകരമാകും.

പമ്പാനദിക്ക് നടുവില്‍ 45 മീറ്ററില്‍ മൂന്നു സ്പാനുകള്‍ ഉള്ള ആര്‍ച്ച് ബ്രിഡ്ജും ഇരു കരകളിലുമായി 26 മീറ്റര്‍ നീളത്തിലുള്ള ഏഴു സ്പാനുകളുമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ബി.എം. ആന്‍ഡ് ബി.സി. വര്‍ക്കും ആവശ്യ സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തിയും ഉള്‍പ്പെടുത്തിയാണ് പാലത്തിനുള്ള സമീപനപാത വിഭാവനം ചെയ്തിട്ടുള്ളത്. വെള്ളത്തിലുള്ള ഓപ്പണ്‍ ഫൗണ്ടേഷന്‍ ഒഴികെയുള്ള പൈലിംഗ് പ്രവൃത്തികളും പൈല്‍ ക്യാപ്പിന്റെ പ്രവൃത്തിയും ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. പിയറിന്റെ പ്രവൃത്തിയും കരയിലുള്ള പൈലിംഗിന്റെ പ്രവൃത്തികളും പുരോഗമിക്കുന്നു. 56 പൈലുകളില്‍ 48 എണ്ണം പൂര്‍ത്തീകരിച്ചു. ആറ് പൈലുകള്‍ ക്യാപ്പ് പൂര്‍ത്തീകരിച്ചു. അഞ്ച് പിയറുകളും ആറ് ഗര്‍ഡറുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയായി. രാജു ഏബ്രഹാം എംഎല്‍എയുടെ ശ്രമഫലമായാണ് പുതിയ പാലത്തിന് നിര്‍മാണാനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8755/Ranni-New-bridge.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *