ന്യൂഡല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവിനെ ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കപില്‍ ദേവിനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് കപിലിനെ ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനാക്കുകയായിരുന്നു.
22/10/20 വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 61 കാരനായ കപിലിനെ ഫാര്‍ട്ടിസ് എസ്‌കോര്‍ട്ട്‌സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഒഖ്ല റോഡ്) അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അടിയന്തിര ആന്‍ജിയോപ്ലാസ്റ്റിക്കു പിന്നാലെ കപില്‍ ആരോഗ്യനില മെച്ചപ്പെട്ടതായി കാര്‍ഡിയോളജി വിഭാഗം ഡയറക്ടര്‍ ഡോ. അതുല്‍ മാത്തൂര്‍ അറിയിച്ചു. കപിലിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ആദ്യമായി ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനും വിഖ്യാത ആള്‍റൗണ്ടറുമാണ് കപില്‍ ദേവ്. 1983-ല്‍ കരുത്തരായ വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ ആദ്യമായി ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടത് കപിലിന്റെ നേതൃത്വത്തിലായിരുന്നു. അന്നത്തെ ഇന്ത്യന്‍ ടീം കപിലിന്റെ ചെകുത്താന്‍മാര്‍ എന്ന പേരില്‍ പ്രശസ്തരായി.