ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജി എന്‍.വി. രമണയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡി ചീഫ് ജസ്റ്റിസിനു കത്തെഴുതിയതിനെ അപലപിച്ച് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ (എസ്സിബിഎ). ഇത്തരം നടപടികള്‍ എതിര്‍ക്കുന്നതായും ഇത് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന ഗുരുതരമായ കടന്നുകയറ്റത്തിന് കാരണമാകുമെന്നും അസോസിയേഷന്‍ പ്രമേയത്തില്‍ പറഞ്ഞു.
ജഗന്‍ കഴിഞ്ഞ 6ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയ്ക്ക് അയച്ച കത്തില്‍ പ്രധാനമായി 3 ആരോപണങ്ങളാണുള്ളത്: ജസ്റ്റിസ് രമണയുടെ 2 പെണ്‍മക്കള്‍ അമരാവതിയില്‍ ഭൂമി വാങ്ങിയതില്‍ അഴിമതിയുണ്ട്, ജസ്റ്റിസ് രമണ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ ജോലിവിഭജനത്തിലുള്‍പ്പെടെ ഇടപെടുന്നു, ടിഡിപിക്കു വേണ്ട രീതിയില്‍ ഹൈക്കോടതി ഉത്തരവുകള്‍ നല്‍കുന്നു.
2 ആരോപണങ്ങള്‍ ജസ്റ്റിസ് രമണയ്‌ക്കെതിരെയാണെങ്കിലും ഹൈക്കോടതിയുടെ പ്രവര്‍ത്തനത്തില്‍ നിഷ്പക്ഷത ഉറപ്പാക്കണമെന്നു മാത്രമാണ് ജഗന്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവും മുന്‍ ചീഫ് സെക്രട്ടറിയുമായ അജയ കല്ലമാണ് കഴിഞ്ഞ ദിവസം കത്തു പുറത്തുവിട്ടത്. ജസ്റ്റിസ് രമണ സുപ്രീം കോടതിയില്‍ നിലവില്‍ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയാണ്. ചീഫ് ജസ്റ്റിസ് ബോബ്ഡെ അടുത്ത ഏപ്രിലില്‍ വിരമിക്കുമ്പോള്‍ ജസ്റ്റിസ് രമണയ്ക്ക് ആ സ്ഥാനം ലഭിക്കുന്നതു തടയാനാണ് ജഗന്‍ ശ്രമിക്കുന്നതെന്നാണ് ടിഡിപിയുടെ ആരോപണം. ചീഫ് ജസ്റ്റിസിനു കത്തയച്ചതിനു പിന്നാലെ ജഗന്‍ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സന്ദര്‍ശിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവും ജസ്റ്റിസ് രമണയുമായുള്ള സൗഹൃദമാണ് പല നടപടിപ്പിഴവുകള്‍ക്കും പശ്ചാത്തലമായി ജഗന്‍ കത്തില്‍ ഉന്നയിക്കുന്നത്.
അവിഹിത സ്വത്തുസമ്പാദനം ആരോപിച്ച് ജഗനെതിരെ സിബിഐ 2012ല്‍ റജിസ്റ്റര്‍ ചെയ്ത കേസ് ഉടനെ പ്രത്യേക സിബിഐ കോടതി പരിഗണിച്ചേക്കും. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെയുള്ള കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ജസ്റ്റിസ് രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് കേസുകള്‍ വേഗത്തില്‍ പരിഗണിക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം പ്രത്യേക കോടതിയോടു നിര്‍ദേശിക്കുകയും ചെയ്തു.
സംസ്ഥാന തലസ്ഥാനം അമരാവതിയില്‍ നിന്നു മാറ്റുക, നിയമസഭാ കൗണ്‍സില്‍ സംവിധാനം നിര്‍ത്തലാക്കുക തുടങ്ങി ജഗന്‍ സര്‍ക്കാരിന്റെ ഒട്ടേറെ തീരുമാനങ്ങളില്‍ ഹൈക്കോടതി ഇടപെട്ടിരുന്നു. ജസ്റ്റിസ് രമണയുടെ മക്കള്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന സര്‍ക്കാര്‍ ഭൂമിയിടപാടിനെക്കുറിച്ചുള്ള കേസിന്റെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ജസ്റ്റിസ് രമണയും നായിഡുവുമായുള്ള ബന്ധത്തെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍, സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്തി ചെ ലമേശ്വര്‍ പരസ്യമാക്കിയ ‘തെളിവുകള്‍’ ഉണ്ടെന്നാണ് ജഗന്‍ കത്തില്‍ പറയുന്നത്. അതേസമയം, സംസ്ഥാനത്തെ വൈഎസ്ആര്‍സിപി ടിഡിപി ഏറ്റുമുട്ടലില്‍ ജുഡീഷ്യറിയും കക്ഷിയായി. മുഖ്യമന്ത്രിയുടെ കത്തിനെ ചീഫ് ജസ്റ്റിസ് എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് വ്യക്തമാകേണ്ടത്.



