റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് ലോകത്തെ 115 ദശലക്ഷം മനുഷ്യരെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ലോക ബാങ്ക്

October 9, 2020 - 7:38 am

വാഷിംഗ്ടൺ: കോവിഡ് ലോകത്തെ 115 ദശലക്ഷം മനുഷ്യരെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ലോകബാങ്കിൻ്റെ റിപ്പോര്‍ട്ട്. ബുധനാഴ്ച (7/10/20)യാണ് ലോകബാങ്ക് പുതിയ റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

പതിറ്റാണ്ടുകളുടെ പുരോഗതിക്ക് ശേഷമുള്ള വിനാശകരമായ വിപരീതം എന്നാണ് ലോകബാങ്ക് ഇതിനെ വിശേഷിപ്പിച്ചത്. 2020 ഓഗസ്റ്റിൽ 100 ദശലക്ഷം മനുഷ്യരെ കോവിഡ് അതിദരിദ്രരാക്കും എന്നായിരുന്നു ബാങ്ക് കണക്കാക്കിയിരുന്നത്. ഇതാണ് ഒരൊറ്റ മാസം കൊണ്ട് ബാങ്ക് തിരുത്തിയത്. 2021 ആകുമ്പോഴേക്കും 150 ദശലക്ഷം പേർ പ്രതിദിനം 1.90 ഡോളറിൽ താഴെ വരുമാനമുള്ളവരായി മാറുമെന്നാണ് ബാങ്ക് ഇപ്പോൾ കണക്കാക്കുന്നത്.

“കോവിഡ് മൂലമുള്ള ആഗോള മാന്ദ്യം ലോക ജനസംഖ്യയുടെ 1.4 ശതമാനത്തിലധികം പേരെ കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചേക്കാം” ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് പ്രസ്താവനയിൽ പറഞ്ഞു.

പകർച്ചവ്യാധി ബാധിച്ചിട്ടില്ലെങ്കിൽ ആഗോള ദാരിദ്ര്യ നിരക്ക് 7.9 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇത് 9.4 ശതമാനമായി ഉയരുമെന്നാണ് ബാങ്ക് പറയുന്നത്.

കാലാവസ്ഥാ വ്യതിയാനം 2030 ഓടെ 68 ദശലക്ഷം മുതൽ 135 ദശലക്ഷം വരെ മനുഷ്യരെ ദാരിദ്ര്യത്തിലേക്ക് നയിക്കും. സബ് – സഹാറൻ ആഫ്രിക്കയിലെ സ്ഥിതി അതീവ ഗുരുതരമാകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നൽകുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *