തൃശൂര്‍: സി.പി.എം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിനെ (26) കുത്തിക്കൊലപ്പെടുത്തിയത് ചിറ്റിലങ്ങാട് സ്വദേശിയായ ബജ്റംഗ്ദൾ പ്രവർത്തകൻ്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമെന്ന് നിഗമനം. ചിറ്റലങ്ങാട് പ്രദേശത്തെ സനൂപിൻ്റെ ഒരു സുഹൃത്തിന് ചിലരുമായുണ്ടായ തർക്കം പരിഹരിക്കാനാണ് സനൂപും ഏതാനും സി.പി.എം പ്രവര്‍ത്തകരും സ്ഥലത്തെത്തിയത്. ഇവർ സംസാരിച്ചുനില്‍ക്കവേയായിരുന്നു ആക്രമണം.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സനൂപും സുഹൃത്തുക്കളും ആക്രമണത്തിന് ഇരയായത്. മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകനായ നന്ദന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് സനൂപിനെയും സംഘത്തേയും ആക്രമിച്ചതെന്ന് പരിക്കേറ്റവരുടെ മൊഴിയില്‍ പറയുന്നത്.
അതേസമയം, അനുമതിയില്ലാതെ നടത്തിയ ബൈക്ക് റേസുമായി ബന്ധപ്പെട്ട് പ്രദേശികമായി നില്‍ക്കുന്ന തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് സൂചനയുണ്ട്. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം വഴക്കിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
നന്ദനെ കൂടാതെ, അഭയരാജ്, സതീഷ്, ശ്രീരാഗ് എന്നിവരാണ് കൊലപാതക സംഘത്തിലുള്ളതെന്ന് പോലീസ് പറയുന്നു. ഇവര്‍ ഒളിവിലാണ്.



