കാസര്‍ഗോഡ് : പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച നൂതന പദ്ധതിയായ ക്ഷീര ഗ്രാമം പദ്ധതി 2020-21 വര്‍ഷത്തെ പദ്ധതിക്കായി ജില്ലയില്‍ അജാനൂര്‍ പഞ്ചായത്തിനെയാണ് തെരഞ്ഞെടുത്തത്. സംസ്ഥാനത്ത് ആകെ തെരഞ്ഞടുത്ത 25 പഞ്ചായത്തുകളില്‍ 50 ലക്ഷം രൂപ വീതം ചെലവഴിച്ച് നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കും. ക്ഷീര വകുപ്പിന്റെ ആറ് പദ്ധതികളുടെ സംസ്ഥാന തല ഉദ്ഘാടനം സാഫല്യം 2020 എന്ന പരിപാടിയില്‍ ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്്തു. ചടങ്ങില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു അധ്യക്ഷനായി. സംസ്ഥാന തല പരിപാടിക്ക് ശേഷം ജില്ലാതല പരിപാടി റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരന്‍ അധ്യക്ഷനായി. ക്ഷീര വികസന വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ മഹേഷ് നാരായണന്‍ പദ്ധതി വിശദീകരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരുണാകരന്‍ കുന്നത്ത്, കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഡയറക്ടര്‍ പി.പി നാരായണന്‍, മലബാര്‍ റീജ്യണല്‍കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ ഡയറക്ടര്‍ കെ. സുധാകരന്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, ക്ഷീര സഹകരണ സംഘം പ്രതിനിധികള്‍, കാഞ്ഞങ്ങാട് ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ പി. വേണുഗോപാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതാ ഗംഗാധരന്‍ സ്വാഗതവും കാഞ്ഞങ്ങാട് ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ വി. മനോഹരന്‍ നന്ദിയും പറഞ്ഞു.
ക്ഷീര ഗ്രാമം പദ്ധതി; ലക്ഷ്യം പ്രതിദിനം 1200 ലിറ്റര്‍ അധിക പാല്‍ ഉത്പാദനം
എം.എല്‍.എ ചെയര്‍മാനായ മോണിറ്ററിങ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുക. ഈ പദ്ധതിയില്‍ 50 ലക്ഷം രൂപയാണ് ഒരു ക്ഷീരഗ്രാമത്തിന് ലഭിക്കുക. രണ്ട് പശു യൂണിറ്റിന് 69000 രൂപയും അഞ്ച് പശു യൂണിറ്റിന് 1,84,000 രൂപയും ഒരു പശു ഒരു കിടാരി യൂണിറ്റിന് 53,000 രൂപയും മൂന്ന് പശു ഒരു കിടാരി യൂണിറ്റിന് 1,5,0000 രൂപയും സബ്സിഡിയായി ലഭിക്കും. ഫാമിലേക്ക് ആവശ്യമായ വസ്തുക്കള്‍ വാങ്ങിക്കുന്നതിന് 50,000 രൂപയും കറവ യന്ത്രം വാങ്ങിക്കുന്നതിന് 25,000രൂപയും പശുത്തൊഴുത്തിനായി 50,000 രൂപയും തൊഴുത്തിലെ ചൂട് കുറക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് 25,000 രൂപയും കാല്‍ഷ്യം പൊടികള്‍ വാങ്ങിക്കുവാന്‍ 101 രൂപയും സബ്സിഡിയായി ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയ ശേഷമാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ കണ്ടെത്താനായി ക്ഷീര സംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിയിലൂടെ പ്രതിദിനം 1200 ലിറ്റര്‍ അധിക പാല്‍ ഉത്പാദനമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8284/ksheera-gramam-project-inauguration-in-Ajanur-panchayath-.html