നല്‍കിയത് നിലവാരം കുറഞ്ഞ ആയുധങ്ങള്‍, നിരവധി സൈനികര്‍ക്ക് ജീവൻ നഷ്ടമായെന്ന് സൈന്യം

ന്യൂ ഡൽഹി : പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള ആയുധനിര്‍മ്മാണ ഫാക്ടറി നല്‍കിയ തോക്കുകൾ അടക്കമുള്ള സാമഗ്രികളിലെ നിലവാരക്കുറവും പ്രശ്‌നങ്ങളും തുറന്നുകാട്ടി ഇന്ത്യന്‍ സൈന്യം രംഗത്തെത്തി. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്നും വാങ്ങിയ ഉപകരണങ്ങള്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്നും 960 കോടി രൂപയുടെ നഷ്ടമാണ് ഇതുണ്ടാക്കിയതെന്നും സൈന്യം പ്രതിരോധ മന്ത്രാലയത്തിന് അയച്ച ആഭ്യന്തര റിപ്പോര്‍ട്ടിൽ പറയുന്നു. ഈ ആയുധങ്ങള്‍ നിരവധി അപകടങ്ങള്‍ക്കും പട്ടാളക്കാരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനും ഇടയാക്കിയെന്നും സൈന്യം പറയുന്നു.

2014-2020 വരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആയുധനിര്‍മ്മാണ ഫാക്ടറി ബോര്‍ഡ് (ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ്-ഒ.എഫ്.ബി) നല്‍കിയ നിലവാരം കുറഞ്ഞ ആയുധങ്ങള്‍ക്കായി ചെലവാക്കിയ തുകയുടെ നഷ്ടം കണക്കാക്കിയാല്‍ 960 കോടി രൂപ വരും. ഈ തുക ഉപയോഗിച്ച് നൂറ് 155-എംഎം മീഡിയം ആര്‍ട്ടിലറി തോക്കുകള്‍ വാങ്ങാനാകുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫന്‍സ് പ്രൊഡക്ഷന്‍ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ് ഒ.എഫ്.ബി പ്രവര്‍ത്തിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പുരാതന സര്‍ക്കാര്‍ നിയന്ത്രിത ആയുധനിര്‍മ്മാണശാലയായ ഒ.എഫ്.ബിയാണ് ഇന്ത്യന്‍ സൈന്യത്തിനുള്ള ആയുധങ്ങള്‍ പ്രധാനമായും നിര്‍മ്മിക്കുന്നത്.

2014-2020 വരെയുള്ള വര്‍ഷങ്ങളില്‍ ഒ.എഫ്.ബിക്ക് കീഴിലുള്ള ഫാക്ടറികളില്‍ നിന്നും നിര്‍മ്മിച്ചു നല്‍കിയ 23-എംഎം എയര്‍ ഡിഫന്‍സ് ഷെല്‍സ്, ആര്‍ട്ടിലറി ഷെല്‍സ്, 125-എംഎം ടാങ്ക് റൗണ്ട്‌സ് തുടങ്ങിയ നിരവധി ആയുധങ്ങള്‍ക്കാണ് ഗുരുതരപ്രശ്‌നങ്ങളുണ്ടെന്ന് ആര്‍മി വെളിപ്പെടുത്തിയത്.
ആഴ്ചയില്‍ ഒരു അപകടമെങ്കിലും ഇത്തരത്തില്‍ നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ആയുധങ്ങളിലെ പ്രശ്‌നങ്ങള്‍ മൂലം 2014 മുതല്‍ ഇതുവരെ 403 അപകടങ്ങൾ നടന്നതായി റിപോർട് പറയുന്നു. ഈ അപകടങ്ങളില്‍ 27 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. 159 പേര്‍ക്ക് ശരീരഭാഗങ്ങള്‍ നഷ്ടപ്പെട്ടതടക്കമുള്ള ഗുരുതര അപകടങ്ങളുണ്ടായി. റിപ്പോർട് പറയുന്നു.

Share
അഭിപ്രായം എഴുതാം