ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ എത്രനാള്‍ കസ്റ്റഡിയില്‍ പാര്‍പ്പിക്കുമെന്ന് സുപ്രിം കോടതി ജമ്മു കശ്മീര്‍ ഭരണകൂടത്തോടു ചോദിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇതിനു മറുപടി നല്‍കണമെന്നുംജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. മെഹ്ബൂബ മുഫ്തിയുടെ മകള്‍ക്കും മകനും തടങ്കലില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. അമ്മയെ കാണമെന്ന് ഇല്‍തിജ ആവശ്യപ്പെടുമ്പോഴെല്ലാം തീരുമാനം ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു. മകള്‍ ഇല്‍തിജ മുഫ്തിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ ഓഗസ്റ്റ് 5 മുതല്‍ മെഹബൂബ മുഫ്തി തടവിലാണ്. ആദ്യം സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസിലും പിന്നീട് സ്വന്തം വസതിയിലും. പബ്ലിക് സേഫ്റ്റി ആക്റ്റ് (പിഎസ്എ) പ്രകാരമാണു തടങ്കല്‍ നീട്ടിയതെന്ന് അധികൃതര്‍ അറിയിച്ചു. പിഎസ്എ പ്രകാരം കേസെടുത്ത് ഇപ്പോഴും തടങ്കലില്‍ തുടരുന്ന ചുരുക്കം ചില പ്രമുഖ രാഷ്ട്രീയ നേതാക്കളിലൊരാളാണു മെഹബൂബ. ഫെബ്രുവരിയില്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുല്ല എന്നിവര്‍ക്കൊപ്പമാണ് മെഹബൂബയ്ക്ക് എതിരെയും പിഎസ്എ ചുമത്തിയത്. ഒമറും ഫാറൂഖും മാര്‍ച്ചില്‍ പുറത്തിറങ്ങി. പീപ്പിള്‍സ് കോണ്‍ഫറന്‍സ് ചെയര്‍മാനും മുന്‍ മന്ത്രിയുമായ സാജദ് ലോണിനെ അടുത്തിടെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചിരുന്നു.

