കൊച്ചി: ഇറാഖിനെതിരെ ഇന്ത്യന്‍ പൗരന്‍ യുദ്ധം ചെയ്‌തെന്ന കേസില്‍ സുബഹാനി ഹാജ മൊയ്തീന്‍ കുറ്റക്കാരനെന്ന് എന്‍ഐഎ കോടതി. ഐഎസ് കേസില്‍ അറസ്റ്റിലായ സുബഹാനിയുടെ ശിക്ഷ പ്രത്യേക കോടതി ജഡ്ജി പി കൃഷ്ണകുമാര്‍ നാളെ വിധിക്കും.തിരുനെല്‍വേലി സ്വദേശിയായ സുബഹാനിക്കെതിരെ യുഎപിഎ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളും ഗുഡാലോചന കുറ്റവുമാണ് എന്‍ഐഎ ചുമത്തിയത്.2015 ഏപ്രിലില്‍ ഇന്ത്യ വിട്ട സുബഹാനി ഇറാഖിലെത്തി ഐഎസില്‍ ചേര്‍ന്ന് പരിശീലനം തേടി ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. 2015 സെപ്തംബറില്‍ ഇന്ത്യയില്‍ തിരികെയെത്തിയ സുബഹാനി രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിട്ടതായും ശിവകാശിയില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയെന്നും എന്‍ഐഎ അന്വേഷണ സംഘം പറഞ്ഞിരുന്നു.
2016 ഒക്ടോബര്‍ ഒന്നിനാണ് സുബഹാനി അടക്കമുള്ളവര്‍ക്കെതിരെ എന്‍ഐഎ കേസെടുത്തത്. നിരോധിത സംഘടനയായ ഐഎസിനു വേണ്ടി ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്താന്‍ ഒരു സംഘം യുവാക്കള്‍ പദ്ധതിയിടുന്നതായി ലഭിച്ച വിവരം അടിസ്ഥാനമാക്കിയാണ് കേസെന്ന് എന്‍ഐഎ പറഞ്ഞിരുന്നു.




