പാലക്കാട് : ജില്ലാ പഞ്ചായത്ത്, സാമൂഹിക നീതി വകുപ്പ്, ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ ഒമ്പത് പേര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി കാവശ്ശേരി സ്വദേശി പ്രസാദിന് വാഹനത്തിന്റെ താക്കോല്‍ നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു.
കോവിഡ് 19 ന്റെ സാഹചര്യത്തില്‍ സഞ്ചാരസ്വാതന്ത്ര്യവും വരുമാന മാര്‍ഗവുമാണ് മുച്ചക്ര വാഹനങ്ങളിലൂടെ ഭിന്നശേഷിക്കാര്‍ക്ക് ലഭ്യമാക്കുന്നത്. ഈ വിഭാഗക്കാര്‍ക്ക് സാമ്പത്തികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ തരണം ചെയ്ത് മുന്നോട്ടുപോകാന്‍ മുച്ചക്രവാഹനങ്ങളിലൂടെ കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സുരേഷ് അധ്യക്ഷയായി. രണ്ട് ഘട്ടങ്ങളിലായി 25 സ്‌കൂട്ടറുകളാണ് വിതരണം ചെയ്യുന്നത്. 2015-2016 സാമ്പത്തിക വര്‍ഷത്തില്‍ 20 സ്‌കൂട്ടറുകളും 2016-2017 ല്‍ 61 സ്‌കൂട്ടറുകളും 2017-18 ല്‍ 57 സ്‌കൂട്ടറുകളും 2018-2019 ല്‍ 37 സ്‌കൂട്ടറുകളും വിതരണം ചെയ്തിട്ടുണ്ട്. ഇതോടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിതരണം ചെയ്ത സ്‌കൂട്ടറുകളുടെ എണ്ണം 200 ആയി. ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് മാത്രമാണ് വാഹനങ്ങള്‍ വിതരണം ചെയ്തത്.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7897/Three-wheelers-for-nine-differently-abled-sections.html