ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ അഞ്ച് എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. കോവിഡ് പരിശോധന ഡല്‍ഹിയിലെ പാര്‍ലമെന്റ് അനക്‌സില്‍ നടന്നു കൊണ്ടിരിക്കുകയാണ്. പരിശോധനാഫലം നെഗറ്റീവ് ആയവര്‍ക്കു മാത്രമാണ് പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ അനുമതി ലഭിക്കുക. സമ്മേളനത്തിന് മുമ്പായി ഇരുസഭകളിലേയും മുഴുവന്‍ എംപിമാരെയും മന്ത്രിമാരെയും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കും.
സമ്മേളനം ആരംഭിക്കുന്നതിന് 72 മണിക്കൂറിനകം സര്‍ക്കാര്‍ അംഗീകൃത ആശുപത്രിയില്‍ നിന്നോ ലബോറട്ടറിയില്‍ നിന്നോ പരിശോധന നടത്തേണ്ടതുണ്ട്. അതല്ലെങ്കില്‍ പാര്‍ലമെന്റ് അനക്‌സ് കോംപ്ലക്‌സില്‍ തന്നെ സൗകര്യമൊരുക്കിയിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ ഭൂരിപക്ഷം എം.പിമാരും ശനിയാഴ്ച (12.09.2020) കോവിഡ് പരിശോധന നടത്തിയിരുന്നു. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചായിരിക്കും പാര്‍ലമെന്റ് സമ്മേളനം നടക്കുക. ലോക്സഭാ സ്പീക്കറും പ്രധാനമന്ത്രിയും മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും അടക്കം എല്ലാ എം.പിമാരും മാസ്‌ക് ധരിച്ചാണ് പാര്‍ലമെന്റിലെത്തുക.




