റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണ്ണൊലിപ്പിലൂടെ ഉണ്ടാകുന്നത് പ്രതീക്ഷിച്ചതിലും വലിയ ഫോസ്ഫറസ് നഷ്ടം, മണ്ണ് സംരക്ഷണം അടിയന്തര ആവശ്യമാണെന്ന് ഗവേഷകർ

September 13, 2020 - 7:26 pm

ജനീവ: സസ്യവളർച്ചയെ സഹായിക്കുന്ന അടിസ്ഥാന മൂലകങ്ങളിൽ ഒന്നായ ഫോസ്ഫറസ് അതിവേഗം മേൽ മണ്ണിൽനിന്നും ഇല്ലാതാകുകയാണെന്ന് യൂറോപ്പിലെ ഗവേഷകർ.

സ്വിറ്റ്സർലാൻഡിലെ ബാസൽ സർവകലാശാലയിലെ പ്രൊഫസർ ക്രിസ്റ്റീൻ അലേവെലിൻറെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഗവേഷകസംഘമാണ് മണ്ണൊലിപ്പും ഫോസ്ഫറസ് നഷ്ടവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്തു കൊണ്ടുവന്നത്. നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

മണ്ണൊലിപ്പ് മൂലമാണ് ലോകത്തിലെ ആകെ ഫോസ്ഫറസ് നഷ്ടത്തിൻ്റെ 50 ശതമാനവും സംഭവിക്കുന്നത് എന്നാണ് പഠനം പറയുന്നത്.
ഫോസ്ഫറസിൻ്റെ ശോഷണത്തിന് മണ്ണൊലിപ്പ് കാരണമാകുമെന്ന് കാർഷിക ഗവേഷകർക്ക് നേരത്തെ അറിവുള്ളതാണ്, എന്നാൽ 50 ശതമാനവും കാരണം മണ്ണൊലിപ്പാണ്‌ എന്ന് ഇപ്പോഴാണ് വ്യക്തമാകുന്നത് .

ഫോസ്ഫറസ് മണ്ണിലുള്ള ഖനിജ പദാർത്ഥമാണ് എന്നതിനാൽ അതിൻറെ അളവും പരിമിതമാണ്. കൃഷിയിടങ്ങളിൽ നിന്നും മണ്ണൊലിപ്പിലൂടെ ഒഴുകി നഷ്ടമാകുന്ന ഫോസ്ഫറസിനെ തിരിച്ചെത്തിക്കാൻ വളപ്രയോഗമോ സസ്യ അവശിഷ്ടങ്ങൾ മണ്ണിലേക്ക് തിരിച്ചെത്തിക്കലോ മാത്രമാണ് പരിഹാരമാർഗ്ഗം. വളപ്രയോഗം ചെലവേറിയതാണ് എന്നതിനാൽ ദരിദ്രരാജ്യങ്ങളിൽ ഇത് കാര്യമായി നടക്കുന്നില്ല. വളം പ്രയോഗിച്ചാലും പരിമിതിയുണ്ട്, ഖനനം ചെയ്തെടുക്കാവുന്ന ഫോസ്ഫറസ് നിക്ഷേപങ്ങൾ നാൾക്കു നാൾ കുറഞ്ഞു വരികയുമാണ്.

ആഫ്രിക്കൻ രാജ്യങ്ങളിലെയും കിഴക്കൻ യൂറോപ്പിലേയും തെക്കേ അമേരിക്കയിലെയും കൃഷിയിടങ്ങളാണ് കടുത്ത ഫോസ്ഫറസ് ദൗർലഭ്യം നേരിടുന്നത്. തെക്കേ അമേരിക്കയിലെ കർഷകർ പുതയിട്ടും ജൈവവള പ്രയോഗത്തിലൂടെയുമെല്ലാം അത് ഏറെക്കുറെ പരിഹരിക്കുന്നുണ്ട്. എന്നാൽ ആഫ്രിക്കൻ രാജ്യങ്ങളിലെ കാര്യം കുറച്ചു കൂടി പരിതാപകരമാണ്. ആഫ്രിക്കയിൽ പച്ചിലവളം നന്നേ കുറവായതിനാൽ അവരുടെ പ്രശ്നം സങ്കീർണമായി തന്നെ തുടരുന്നു. കിഴക്കൻ യൂറോപ്പിലെ ദരിദ്ര രാജ്യങ്ങളുടെ സ്ഥിതിയും ഇതുതന്നെയാണ്.

ആഫ്രിക്കയിലാണ് ഫോസ്ഫറസിൻ്റെ പ്രധാന നിക്ഷേപങ്ങൾ എല്ലാം ഉള്ളത്. പക്ഷേ അത് ഖനനം ചെയ്ത് സംസ്കരിച്ച ശേഷം വാങ്ങാനുള്ള ശേഷി ആഫ്രിക്കൻ കർഷകർക്ക് ഇല്ല. ഫോസ്ഫറസ് ഒഴുകി നഷ്ടപ്പെടുന്നതുമൂലം സംഭവിക്കുന്ന മറ്റൊരു ദുരന്തം ജലാശയങ്ങളിലും തണ്ണീർതടങ്ങളിലെയും ജൈവവൈവിധ്യത്തിൻ്റെ നാശമാണ്. മണ്ണിൽ നിന്നും ഒഴുകി തണ്ണീർ തടങ്ങളിലും മറ്റ് ജല വ്യവസ്ഥകളിലും എത്തുന്ന ഫോസ്ഫറസ് അവിടെ അമിതപോഷണത്തിന് കാരണമാകുന്നു. ഇത് ജലാശയങ്ങളിലെ സ്വാഭാവിക ജൈവ സമ്പത്തിന് ഭീഷണിയാകുകയും ചെയ്യുന്നു. മണ്ണൊലിപ്പിന് പരിഹാരം കാണാൻ ലോകമെങ്ങുമുള്ള സർക്കാരുകളുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് പഠനം മുന്നറിയിപ്പു നൽകുന്നു. പുതിയിടുകയും ഇടവിളകൃഷി അവലംബിക്കുകയും ചരിഞ്ഞ കൃഷിയിടങ്ങൾ തട്ടുകളാക്കി തിരിക്കുകയും ചെയ്യണമെന്ന് ഗവേഷകർ ഓർമിപ്പിക്കുന്നു.

മണ്ണിലെ സ്വാഭാവിക സസ്യാവരണം സാധ്യമായത്രയും നിലനിർത്തണമെന്ന് പഠന റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് അതിവൃഷ്ടിയെയും പ്രളയങ്ങളെയും തുടർച്ചയായി നേരിട്ടു തുടങ്ങിയ കേരളം പോലുള്ള പ്രദേശങ്ങൾക്കും ഇത്തരം പഠനങ്ങൾ കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നുണ്ട് . പ്രളയ ജലത്തോടൊപ്പം കുത്തിയൊഴുകി നഷ്ടമാകുന്നത് മണ്ണിൻ്റെ പോഷക സമ്പത്തുകൂടിയാണ് എന്നതാണത്.

തയ്യാറാക്കിയത് : നിശാന്ത് പരിയാരം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *