കരുതാം വയോജനങ്ങളെ; അകറ്റാം മഹാമാരിയെ; വയോക്ഷേമ കാള്‍ സെന്റര്‍ ആരംഭിച്ച് തൃശൂര്‍

തൃശൂര്‍: കോവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ വയോജനങ്ങള്‍ക്ക് കൂടുതല്‍ പരിഗണനയും കരുതലും നല്‍കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വയോക്ഷേമ കോള്‍ സെന്റര്‍ ആരംഭിച്ചു. വയോജനങ്ങള്‍ക്ക് മരുന്ന്, ചികിത്സ, ഭക്ഷണം, വിശ്രമം തുടങ്ങി മറ്റു അടിസ്ഥാന ആവശ്യങ്ങള്‍ ഉറപ്പാക്കുകയും ജില്ലാതല വയോജന സെല്‍ വിപുലീകരിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. തൃശൂര്‍ അയ്യന്തോള്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആരംഭിച്ച കോള്‍ സെന്ററിന്റെ ഉദ്ഘാടനം ഗവ. ഓള്‍ഡേജ് ഹോമിലെ അന്തേവാസിയെ വിളിച്ച് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് നിര്‍വ്വഹിച്ചു.

ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ നോഡല്‍ ഓഫീസറായ വയോക്ഷേമ കോള്‍ സെന്ററില്‍ രണ്ട് ഷിഫ്റ്റുകളിലായി 10 പേരടങ്ങുന്ന കാള്‍ സെന്റര്‍ വളണ്ടിയര്‍മാരായിരിക്കും പ്രവര്‍ത്തിക്കുക. അധ്യാപകര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാര്‍ / അങ്കണവാടി വര്‍ക്കര്‍, എം എസ് ഡബ്ല്യു വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സേന / കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്നതാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തകര്‍. ഇതോടെ വൈറസ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് പരാശ്രയം കൂടാതെ ആവശ്യമായ സൗകര്യങ്ങള്‍ വാതില്‍ക്കല്‍ എത്തിക്കാനാവും.

വനിതാ ശിശു വികസന വകുപ്പിലെ അങ്കണവാടി പ്രവര്‍ത്തകര്‍ മുഖേന ഇതിനോടകം ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്നായി 4.25 ലക്ഷം വയോജനങ്ങളുടെ പേര് വിവരങ്ങളും ഫോണ്‍ നമ്പറും കോള്‍ സെന്ററില്‍ ശേഖരിച്ചിട്ടുണ്ട്. സംസ്ഥാനം ഒട്ടാകെ നടപ്പിലാക്കുന്ന പദ്ധതി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കോവിഡ്- 19 റിവേഴ്സ് ക്വാറന്റൈന്‍ എന്ന ആശയത്തിന്റെ ഭാഗമായാണ് നടപ്പാക്കുന്നത്. വയോജനങ്ങളുടെ പ്രശ്ന പരിഹാരത്തിനായി തൃശൂര്‍ ജില്ലാ വയോക്ഷേമ കോള്‍ സെന്ററിന്റെ നമ്പറായ 0487-2224050 എന്ന നമ്പറില്‍ വിളിക്കാം.

ഉദ്ഘാടന ചടങ്ങില്‍ തൃശൂര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ ജി രാഗപ്രിയ, ഐ സി ഡി എസ് പ്രോഗ്രാം ഓഫീസര്‍ ചിത്രലേഖ, ജില്ലാ മിഷന്‍ പ്രോഗ്രാം മാനേജര്‍ വിനീത, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ പി സജീവ്, അയ്യന്തോള്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആരിഫ എന്നിവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7790/Call-centre-for-old-age-people.html

Share
അഭിപ്രായം എഴുതാം