കൊണ്ടോട്ടി: തലയിൽ അലുമിനിയം കലം കുടുങ്ങി പരിഭ്രാന്തി സൃഷ്ടിച്ച ബാലന് എയർപോർട്ട് ഫയർഫോഴ്സ് രക്ഷകരായി. കരിപ്പൂർ വിമാനത്താവള പരിസരത്ത് താമസിക്കുന്ന സൈനുദ്ദീന്റെ മൂന്ന് വയസ്സുകാരൻ മകൻ്റെ തലയിലാണ് കലം കുടുങ്ങിയത്. കലത്തിനകത്ത് തല മുഴുവൻ കുടുങ്ങിപ്പോയിരുന്നു. പരിഭ്രമിച്ച കുടുംബം കുഞ്ഞിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കലം പുറത്തെടുക്കാനായില്ല.
ഡോക്ടറുടെ നിർദേശ പ്രകാരമാണ് കുട്ടിയെ കോഴിക്കോട് വിമാനത്താവളത്തിലെ ഫയർ ഫോഴ്സിന്റെ അടുത്തെത്തിച്ചത്. ഫയർഫോഴ്സ് കട്ടിങ്ങ് ഉപകരണങ്ങൾ ഉപയോഗിച്ച് കലം കുഞ്ഞിൻ്റെ തലയിൽ നിന്ന് മുറിച്ചുമാറ്റുകയായിരുന്നു.
ഫയർ ഓഫിസർമാരായ പി. സൈനുദ്ദീൻ, വി. അലക്സ്, എ. നജീബ്, പി.കെ. റഹ്മത്തുല്ല, ഇ.എ. ഷുക്കൂർ, പി.എം.എ. റഹീം, വിഷ്ണുദാസ്, യൂസഫ്, എസ്. ഫബിൻ, വി. ജിതേഷ് എന്നിവരാണ് കലം മുറിച്ചു മാറ്റി കുട്ടിയെ രക്ഷപ്പെടുത്തിയത്

