കൊവിഡ് മാനദണ്ഡം പാലിച്ച് സ്‌കൂള്‍ തുറക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സജ്ജം: മുഖ്യമന്ത്രി

ഇടുക്കി: ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പുതിയ ബഹുനില കെട്ടിടം  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കൊവിഡ് മാനദണ്ഡം പാലിച്ച് സ്‌കൂള്‍ തുറക്കാന്‍ വിദ്യാലയങ്ങളും വിദ്യാഭ്യാസ വകുപ്പും സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് കോടി രൂപാ മുതല്‍ മുടക്കില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 34 സ്‌കൂളുകളുടെ ഉദ്ഘാടനം ഓണ്‍ലൈനില്‍ മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ജില്ലയിലെ തൊടുപുഴ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പുതിയ ബഹുനില കെട്ടിടവും മുഖ്യമന്ത്രി  ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എല്ലാ നിയമസഭാ നിയോജകമണ്ഡലങ്ങളിലും പക്ഷപാതമില്ലാതെ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി 22 സ്‌കൂളുകള്‍ ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാക്കി. ഇപ്പോള്‍ ബാലരാമപുരം മുതല്‍ ചേലക്കര വരെ 19 ഉം ചേലക്കര മുതല്‍ വടക്കോട്ട് 15 സ്‌കൂളുകളുടേയും നിര്‍മ്മാണം പൂര്‍ത്തീകരിച്ച് സമര്‍പ്പിക്കുകയാണ്. നവകേരളം സൃഷ്ടിക്കാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് കിഫ്ബി വഴി പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കുന്നത്. 50,000 കോടി സമാഹരിക്കുവാന്‍ ലക്ഷ്യമിട്ടിടത്ത് 54,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനം എല്ലാ നിയോജകമണ്ഡലങ്ങളിലുമായി നടപ്പാക്കാനായി. 100 ദിനപദ്ധതിയില്‍ ഇത്രയും പദ്ധതികള്‍ പൂര്‍ത്തിയാക്കാനായത് സന്തോഷകരമായ കാര്യമാണ്. 3129 കോടി രൂപയാണ് വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മാറ്റിവച്ചത്. 350 വിദ്യാലയങ്ങള്‍ക്ക് പ്ലാന്‍ ഫണ്ട് അനുവദിച്ചു. മൂന്ന് കോടി രൂപ അനുവദിച്ച് നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഈ മാസം 30 നകം പൂര്‍ത്തിയാക്കും.  250 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളില്‍ കൂടി ഉടന്‍ അടിസ്ഥാന സൗകര്യം വികസിപ്പിക്കും.

അക്കാദമിക നിലവാരവും പശ്ചാത്തല നിലവാരവും മെച്ചപ്പെടുത്തണം. ഹൈടെക് ക്ലാസ് മുറികള്‍, ഇന്റര്‍നെറ്റ്,ലൈബ്രറി,കോണ്‍ഫറന്‍സ് ഹാള്‍,കിച്ചന്‍ തുടങ്ങി ലോകനിലവാരത്തിലുള്ള സ്‌കൂളുകളോട് കിടപിടിക്കുന്ന സ്‌കൂളുകളിവിടെ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. മികവിന്റെ കേന്ദ്രങ്ങളാകുന്ന വിദ്യാലയങ്ങളില്‍ കെ-ഫോണ്‍, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ഉണ്ടാക്കിയിട്ടുണ്ട്.. ഇവയൊക്കെ ലോകോത്തര നിലവാരമുള്ളവയാണ്. എട്ട് മുതല്‍ 12 വരെയുള്ള എല്ലാ ക്ലാസുകളും ഇതിനകം സാങ്കേതിക സൗഹൃദമാക്കി. 45000 ക്ലാസുകള്‍ ഹൈടെക്ക് ക്ലാസുമുറികളാക്കി. പ്രൈമറി സ്‌കൂളുകളില്‍ ഉള്‍പ്പെടെ കമ്പ്യൂട്ടര്‍ ലാബുകള്‍ സജ്ജീകരിക്കാനായി. അദ്ധ്യാപകര്‍ക്ക് സ്മാര്‍ട്ട് കൈകാര്യം ചെയ്യാനുള്ള പരിശീലനം നല്‍കി കഴിഞ്ഞു. സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് തന്നെ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കാന്‍ കഴിഞ്ഞു. നീതി ആയോഗ് ഇന്‍ഡക്‌സില്‍ ഒന്നാമതെത്തി മാതൃക സൃഷ്ടിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് വിദ്യാഭ്യാസ വകുപ്പിനെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാര്‍ രണ്ടേകാല്‍ ലക്ഷത്തോളം വീടുകള്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചു. വീട് ലഭിച്ച കുടുംബങ്ങളില്‍ അഭിമാനബോധം വളര്‍ത്താന്‍ സാധിച്ചു. അത് ഈ നാടിന്റെ പൊതുവായ അഭിമാനബോധമായി. നവകേരളം സൃഷ്ടിക്കുക എന്ന് പറഞ്ഞാല്‍ നാടിന്റെ എല്ലാ മേഖലയും മെച്ചപ്പെടണം. ആരോഗ്യ,വിദ്യാഭ്യാസ മേഖലകള്‍ കൂടുതല്‍ മെച്ചപ്പെട്ട നിലയിലേക്ക് പോകണം. കുറവുകള്‍ കണ്ടെത്തി പരിഹരിക്കണം. സാങ്കേതിക വിദ്യ സൗഹൃദമാക്കണം . പ്രതിസന്ധിയെ നല്ല രീതിയില്‍ നേരിടാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്ന് അഭിമാനത്തോടെ പറയാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പി ജെ  ജോസഫ് എം.എല്‍.എ. മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എ. ബിനുമോന്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ശശീന്ദ്ര വ്യാസ്, ഡയറ്റ് പ്രിന്‍സിപ്പാള്‍ ചുമതല വഹിക്കുന്ന ലോഹിതദാസ്, തൊടുപുഴ നഗരസഭാ. ചെയര്‍പേഴ്സണ്‍ സിസിലി ജോസഫ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിര്‍മ്മല ഷാജി, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുമ മോള്‍ സ്റ്റീഫന്‍,  പ്രിന്‍സിപ്പാള്‍ കെ.ജി. അനില്‍കുമാര്‍, ഹെഡ്മാസ്റ്റര്‍ സി.എം.  രാജു,   വാര്‍ഡ് കൗണ്‍സിലര്‍ ഗോപാലകൃഷ്ണന്‍, പി.റ്റി.എ.പ്രസിഡന്റ് കെ.കെ.നിഷാദ്, എന്നിവര്‍ സംസാരിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7740/APJ-abdulkalam-higher-secondary-school-new-building–inauguration-.html

Share
അഭിപ്രായം എഴുതാം