കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണത്തിന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിട്ടും രേഖകള്‍ കൈമാറിയില്ലെന്നാരോപിച്ചുളള കോടതിയലക്ഷ്യക്കേസ് പിന്‍വലിച്ചു.
സിബിഐ തുടരന്വേഷണത്തിന് ഡിവിഷന് ബെഞ്ച് പിന്നീട് ഉത്തരവിട്ട സാഹചര്യത്തിലാണ് കോടതിയ ലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകാവില്ലെന്ന സര്‍ക്കാരിന്റെ വിശദീകരണത്തെ തുടര്‍ന്നാണ് കേസ് പിന്‍വലിച്ചത്. എന്നാല്‍ കോടതിയ ലക്ഷ്യ നടപടി തേടി ഹര്‍ജിക്കാര്‍ക്ക് ഡിവിഷന് ബെഞ്ചിനെ സമീപിക്കാവുന്നതാണെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും, ശരത്ലാലിന്റെയും മാതാപിതാക്കള്‍ നല്കിയ ഹര്‍ജിയില്‍ സിബിഐ അന്വേഷണത്തിന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കി. ഹര്‍ജിയില്‍ വാദം തുടര്‍ന്നെങ്കിലും അന്വേഷണ ഉത്തരവ് സ്റ്റേ ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേസിന്റെ വിവരങ്ങള്‍ സിബിഐക്ക് കൈമാറുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സിംഗിള്‍ ബെഞ്ചില്‍ കോടതിയലക്ഷ്യ കേസ് നല്‍കിയത്.