കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സാധാരണക്കാരുടെ തൊഴില്‍ ആവശ്യങ്ങള്‍ നിറവേറ്റുന്ന രീതിയില്‍ നടപ്പാക്കണം; ആന്റോ ആന്റണി എംപി

പത്തനംതിട്ട: തൊഴിലുറപ്പു പദ്ധതി, പ്രധാനമന്ത്രി തൊഴില്‍ പദ്ധതി, ഗ്രാമീണ ഉപജീവന മിഷന്‍ എന്നിവ പോലുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സാധാരണക്കാരുടെ തൊഴില്‍ ആവശ്യങ്ങള്‍ നിറവേറ്റുന്ന രീതിയില്‍ നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എം.പി. നിര്‍ദേശിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗമായ ദിഷയുടെ രണ്ടാം പാദത്തിന്റെ അവലോകനം സംബന്ധിച്ച് ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി. 

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സമസ്ത തൊഴില്‍ മേഖലകളും സ്തംഭിച്ച സാഹചര്യത്തിലും തൊഴില്‍ നഷ്ടപ്പെട്ടു നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക് നാട്ടില്‍ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ അവസരമുണ്ടാക്കണം. രണ്ടായിരത്തോളം പുതിയ കുടുംബങ്ങള്‍ തൊഴിലുറപ്പു പദ്ധതിയില്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി മനസിലാക്കാന്‍ കഴിഞ്ഞത് നാട്ടിലെ തൊഴില്‍ മേഖലയിലെ മുരടിപ്പിന്റെ പ്രതിഫലനമാണ്. കാര്‍ഷിക മേഖലയില്‍ ഉണര്‍വുണ്ടാക്കാനും ക്ഷീര മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തൊഴിലുറപ്പു പദ്ധതിയില്‍ കീഴിലെ ജീവനോപാധി വികസന ഘടകം പ്രയോജനപ്പെടുത്തണമെന്നും ആന്റോ ആന്റണി എം.പി. പറഞ്ഞു.

തൊഴിലുറപ്പു പദ്ധതിയില്‍പ്പെട്ട  65 വയസിനു മുകളില്‍ പ്രായമായവര്‍ക്ക്  കോവിഡ് പ്രോട്ടോക്കോള്‍ മൂലം വരുത്തിയിട്ടുള്ള നിയന്ത്രണം മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് അവകാശപ്പെട്ട തൊഴില്‍ നല്‍കാന്‍ അനുമതി നല്‍കുകയോ തൊഴിലില്ലായ്മ വേതനം നല്‍കുകയോ ചെയ്യണമെന്ന ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും യോഗത്തില്‍ ആന്റോ ആന്റണി എം.പി വ്യക്തമാക്കി.

2020 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ തൊഴിലുറപ്പു പദ്ധതി, എന്‍.ആര്‍.എല്‍.എം, ഗ്രാമീണ കൗശല്‍ യോജന, പ്രധാന്‍ മന്ത്രി തൊഴില്‍ പദ്ധതി, രാഷ്ട്രീയ കൃഷി വികാസ് യോജന, ഐസിഡിഎസ്, എന്‍എച്ച്എം, സമഗ്രശിക്ഷ കേരള എന്നീ പദ്ധതികള്‍ ലക്ഷ്യം കൈവരിച്ചതായി യോഗം വിലയിരുത്തി.

കോവിഡ് ലോക്ക് ഡൗണും ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ വരുത്തിയ മറ്റു നിയന്ത്രണങ്ങളും നടപ്പു സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ചെങ്കിലും വരും മാസങ്ങളില്‍ നൂറു ശതമാനം ലക്ഷ്യം കൈവരിക്കുന്ന രീതിയില്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കണമെന്ന് ദിഷയുടെ മെമ്പര്‍ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടര്‍ പി. ബി. നൂഹ് നിര്‍ദ്ദേശിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അന്നപൂര്‍ണ്ണാദേവി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജകട് ഡയറക്ടര്‍ എന്‍ ഹരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാര്‍ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7727/Disha.html

Share
അഭിപ്രായം എഴുതാം