കടൽ വിഴുങ്ങുന്ന കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവ് നേരത്തെ കരുതിയതിലും വളരെയധികമാണെന്ന് പഠനം

ന്യൂയോർക്ക്: സമുദ്രങ്ങൾ ആഗിരണം ചെയ്യുന്ന കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവ് നേരത്തെ കരുതിയതിനേക്കാളും വളരെയധികം ആണെന്ന് പുതിയ പഠനം. എക്സീറ്റേഴ്സ് ഗ്ലോബൽ സിസ്റ്റം സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലിനു പിന്നിൽ. നേച്ചർ കമ്യൂണിക്കേഷൻസ് ജേണലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

പുതിയ കണക്കനുസരിച്ച് ഒരുവർഷം ലോകത്തിലെ സമുദ്രങ്ങൾ ആഗിരണം ചെയ്യുന്ന കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവ് 900 ദശലക്ഷം ടണ്ണാണ്. 220 കോടി പെട്രോൾ കാറുകൾ ഒരു വർഷം പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡിനു തുല്യമായ അളവാണിത്. ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനം മൂലം ലോകത്താകെ ഉണ്ടാകുന്ന കാർബൺ ഡയോക്സൈഡിൻ്റെ 10 ശതമാനം വരും ഇത്. സമുദ്രജലത്തിൻ്റെ താപനിലയും കാർബൺഡൈഓക്സൈഡിൻ്റെ ലയനവും തമ്മിൽ ബന്ധമുണ്ട്. സാറ്റലൈറ്റ് ഡാറ്റ വച്ച് വ്യത്യസ്ത ആഴങ്ങളിലെ സമുദ്ര താപനിലയെ പഠനവിധേയമാക്കുകയും ഇതിൽ നിന്നും കാർബൺ ഡയോക്സൈഡിൻ്റെ ആഗിരണ ശേഷി കണക്കാക്കുകയുമായിരുന്നു ഗവേഷകർ.

നാം പുറന്തള്ളുന്ന കാർബൺ ഡയോക്സൈഡിൻ്റെ പകുതിയും കരയിലെ സസ്യങ്ങളും സമുദ്രങ്ങളും ചേർന്ന് വലിച്ചെടുക്കുകയാണെന്ന് എക്സീറ്റേഴ്സ് ഗ്ലോബൽ സിസ്റ്റംസ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ ആൻഡ്ര്യൂ വാട്സൺ പറയുന്നു.

സമുദ്രങ്ങൾ കൂടുതൽ കാർബൺ വിഴുങ്ങുന്നു എന്നതിനെ ഇരുതല മൂർച്ചയുള്ള ഒരു വാളായാണ് ശാസ്ത്രലോകം കാണുന്നത്. കൂടുതൽ കാർബൺ ഡയോക്സൈഡ് കലരുമ്പോൾ സമുദ്രജലം കൂടുതൽ അമ്ലതയുള്ളതാകും. അമ്ലത കൂടിയ വെള്ളം കടലിലെ ഭക്ഷ്യശൃംഖലയുടെ അടിസ്ഥാനമായ സസ്യ പ്ലവകങ്ങളെയും ജന്തു പ്ലവകങ്ങളെയും പവിഴപ്പുറ്റുകളെയും നാശത്തിലേക്ക് നയിക്കും, അതായത് കടലിലെ ജൈവവൈവിധ്യത്തിൻ്റെ മരണമണിയാകും ഇത്.
കടലിൽ ലയിക്കാതെ അന്തരീക്ഷത്തിൽ തങ്ങിനിന്നാൽ ആഗോളതാപനം രൂക്ഷമാക്കുകയും ചെയ്യും.

പെരുകുന്ന അന്തരീക്ഷ കാർബൺ കടലിനും ഭീഷണിയാണ് എന്ന യാഥാർത്ഥ്യമാണ് ഇത്തരം പഠനങ്ങൾ മുന്നോട്ടുവയ്ക്കുന്നത്.

Share
അഭിപ്രായം എഴുതാം